Wednesday, November 25, 2009

ശ്രീവിലാസം 01

ഇതൊരു കൂടുമാറ്റം ആണ് ..കുറച്ചു ചെറിയ വിസ്തീര്‍ണത്തില്‍ ഒതുങ്ങുക..എന്റെ നാട് എന്റെ വീട് എന്റെ കുടുംബം ഇവയിലേക്കു ചെറുതാകാനുള്ള വഴി...
                                   ഞാന്‍ ഒരു മലയാളിയാണ് അതിനുമപ്പുറം ഒരു തിരുവനന്തപുരത്തുകാരന്‍ ..അതിലെ അഭിമാനം മറച്ചുവെക്കേണ്ടതല്ല ..രാജവീഥികളിലൂടെയും ഭരണകേന്ദ്രങ്ങളിലൂടെയും പദ്മനാഭ സ്വാമി ക്ഷേത്രത്തിലൂടെയും നടക്കുമ്പോള്‍ എന്നില്‍ നിറയുന്ന അഭിമാനം അത് വളരെ വലുതാണ്‌ ..
എന്നാല്‍ തെക്കനെയും മൂര്‍ക്കനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ അടിച്ചു കൊല്ലണമെന്ന് എന്നോട് പറഞ്ഞത് ഫമീദ് ആണ്...അവന്‍ കോഴിക്കോടുകാരനും ..എന്റെ മനസ്സില്‍ കോഴിക്കോടും മലബാറും ഒക്കെ ഒരു സ്വപ്നഭൂമിയാണ്‌.എന്നാല്‍ ഇതുവരെ കോഴിക്കോടു ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ അല്ലാതെ കാലുറപ്പിച്ചു നടക്കാന്‍ കഴിയാത്തത് എന്റെ ഒരു സ്വകാര്യ സങ്കടമായി അവശേഷിക്കുന്നു..ഇനി അത്  അവന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ സാധ്യമാക്കാമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്..അവന്‍ തെക്കന്മാരെ കുറിച്ചുള്ള കാഴ്ചപാട് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഇത് അവനായി രൂപപെടുത്തിയതല്ല. മറിച്ചു  എന്നോ പറഞ്ഞുറച്ചു  പോയ കാര്യം ..സത്യമെന്തെന്നറിയില്ല ..ഇനി എന്നോടുള്ള സഹവാസം കൊണ്ട് ആ ധാരണക്ക് എന്ത് മാറ്റമുണ്ടായി എന്നതും ഞാന്‍ അറിഞ്ഞിട്ടില്ല..
                                   ഇങ്ങു സൗദിയിലും ജില്ല തര്‍ക്കങ്ങള്‍ തീരുന്നില്ല.സ്വതവേ തിരുവനന്തപുരത്തു കാര്‍   ഇവിടെ കുറവാണെന്നാണ് എന്റെ കണക്കുകൂട്ടല്‍ .പക്ഷെ തിരുവനന്തപുരം കാരെ വിമര്‍ശിക്കാന്‍ ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ്   .അതിലിനി അങ്കമാലി അശോക്‌ കുമാര്‍ ആയാലും മുവാറ്റുപുഴകാരന്‍ അംജു ആയാലും കോഴിക്കോടു മെല്‍വിനോ അവന്റെ അമ്മാവന്‍ പ്രിയപ്പെട്ട രഞ്ജു ഭായിക്കോ   ആയാലും  വീര്യം ഒട്ടും  കുറയാറില്ല..എന്തായാലും തര്‍ക്കങ്ങളിലെ വിഷയങ്ങള്‍ മിക്കപ്പോഴും ഒന്നാകാറാണ്  പതിവ്.പറഞ്ഞത് തന്നെ വീണ്ടും വളച്ചും തിരിച്ചും , ഒരു പുതുമയും അവര്‍ക്കില്ല എന്നതാണ് എന്റെ പരിഭവം ,അവരെയും കുറ്റം പറയാന്‍ പറ്റില്ല ആരൊക്കെയോ പറഞ്ഞത് ഏറ്റു പാടുമ്പോള്‍ അതില്‍ പുതുമയും വേണമെന്ന് പറഞ്ഞാല്‍ നടക്കുമോ .അതില്‍ അശോകിന്റെ വാദങ്ങള്‍ക്ക് ഒരു യുദ്ധം സൃഷ്ടിക്കാനുള്ള സ്വഭാവം ഉണ്ടാകാറുണ്ട്..ഇതില്‍ ഞാന്‍ പെട്ടുപോകുന്ന ഒരിടം ഭൂമിക്കും ഭാരതത്തിനും ഉള്ള ' ഭ ' യുടെ ഉച്ചാരണം .അത്  മിക്കവാറും  'ഫ' പോലെ ആകുന്നു എന്നതാണ്..അതിലെ തോല്‍വി ഞാന്‍ അംഗീകരിക്കുമെങ്കിലും അതിലുള്ള   അവരുടെ ശരിയെ കുറിച്ച്  എന്റെ സംശയം തീരുന്നില്ല.നാട്ടിലെ തര്‍ക്കങ്ങളും അത്ര മോശമാകാറില്ല..ടെക്നോപാര്‍ക്കില്‍  വെച്ചുണ്ടായ തര്‍ക്കത്തില്‍ നീതയോടൊപ്പം ഞാനും ചേര്‍ന്നത്‌ ഓര്‍ക്കുന്നു..തിരുവനന്ത പുരത്ത് വന്നു അവിടെ ജോലി ചെയ്തു അവരെ തന്നെ കുറ്റം പറയുന്നതിലെ നന്ദികേടായിരുന്നു അന്നത്തെ എന്റെ  പ്രധാന വാദം.
                                  അങ്ങനെ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറ് മാറി കഴക്കൂട്ടം പഞ്ചായത്തില്‍ ചന്തവിള എന്നൊരു ദേശം..ചന്തവിളയുടെ അര്‍ഥം ചന്തമുള്ള മനുഷ്യരുള്ള സ്ഥലമെന്നു ഞാനും അല്ല ചന്തകളായ മനുഷ്യരുടെ സ്ഥലമെന്നു എന്റെ കൂട്ടുകാരും ആയി സ്കൂളില്‍ നല്ല തര്‍ക്കം നടന്നിട്ടുണ്ട്..എന്തായാലും രസമുള്ള ഒരു ചിന്ത എവിടെയാണേലും സ്വന്തം അസ്ഥിത്വതിനുവേണ്ടി വിപ്ലവങ്ങള്‍ നടത്തേണ്ടി വരുന്നു എന്നതാണ്..അതിനി ചന്തവിളയും തൃപ്പാദപുരവും തമ്മിലായാലും ഇന്ത്യയും ചൈനയും തമ്മിലായാലും ..തൃപ്പാദപുരം എന്റെ അയല്‍നാടല്ല എങ്കിലും അജിത്‌ ടെക്നോപാര്‍ക്കിനു  പുറകെയുള്ള ഈ സ്ഥലത്തിനെ പറ്റി പറയുമ്പോള്‍ അതിനും ഉശിര് അല്‍പ്പം കൂടുതലാണ്...എന്തായാലും എന്റെ ഗ്രാമത്തിനെക്കാളും  സുന്ദരമാണ് അവിടം .പേരിനു സുന്ദരമായ അര്‍ത്ഥമുള്ള അതില്‍ തന്നെ ചരിത്രവും   ഐതീഹ്യവും തൊങ്ങല്‍ ചാര്‍ത്തിയ രണ്ടു കുളങ്ങള്‍ അതിനു ചേര്‍ന്ന് ഒരു മനോഹരമായ അമ്പലം ...പക്ഷെ ടെക്നോ പാര്‍ക്ക് അതിനെ വിഴുങ്ങുകയാണ്..അതിനു ചുറ്റും കോണ്‍ക്രീറ്റ് വനങ്ങള്‍  നിറഞ്ഞു കഴിഞ്ഞു...
                                    ഒരു അപേക്ഷ പൂരിപ്പിക്കാനായി എടുത്താല്‍  അതില്‍ ഏതാണ്ട് എല്ലാ ചോദ്യത്തിനും എനിക്ക്  ഓരോ സ്ഥലപേരു വെക്കാന്‍ എനിക്ക് കഴിയും..എന്റെ ഉത്തരങ്ങള്‍ മിക്കവാറും ഓരോ സ്ഥലപെരുകള്‍ ആയിരിക്കും
എന്റെ ഗ്രാമം ---ചന്തവിള
വില്ലജ് -    അയിരൂര്‍പ്പാറ
താലുക്ക് -തിരുവനന്തപുരം
പോസ്റ്റ്‌ ഓഫീസ് -കാട്ടായിക്കോണം
പഞ്ചായത്ത് -കഴക്കൂട്ടം
പഞ്ചായത്ത് വാര്‍ഡ്‌ -പാട്ടുവിളാകം(ഇതിനെ അര്‍ത്ഥവും ആലോച്ചിട്ട് കിട്ടുന്നില്ല.)
നിയമസഭ മണ്ഡലം - കഴക്കൂട്ടം (മണ്ഡലം പുനര്‍ നിര്‍ണയത്തില്‍ ഇതിനു മാറ്റം വരുമോ എന്ന് ഉറപ്പില്ല)
ലോക് സഭ മണ്ഡലം -തിരുവനന്തപുരം (അത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാറി ,മുന്‍പ് ' ചിറയിന്‍കീഴ്‌ ' ആയിരുന്നു.)

അങ്ങനെ എന്റെ ഒരു മേല്‍വിലാസത്തിന്  വരികള്‍ ഏറെയാണ്
I
  ഇവിടുത്തെ വിശേങ്ങള്‍ എനിക്ക് പറയാന്‍ അറിയുന്നതിലും  ആയിരം  മടങ്ങ്   കൂടുതാലാകും .എങ്കിലും എനിക്ക് പറയാനുള്ളതു എനിക്ക് മാത്രമല്ലേ പറയാന്‍ കഴിയൂ ...ഇനിയുള്ള എന്റെ വാക്കുകളില്‍ എന്റെ പശ്ചാത്തലം പറയാന്‍ നിറയെ വാക്കുകള്‍ എന്നില്‍ കൈവരുമെന്നു പ്രതീക്ഷിക്കുന്നു..