Friday, December 30, 2011

ഹാ മരണമേ....


മരണത്തോട് വെറുപ്പോ ഭയമോ തോന്നിയിട്ടില്ല..പിന്നെ മരണം കൊണ്ട്, മരിച്ചയാളുടെ ആശ്രിതര്‍ക്കുണ്ടാകുന്ന വിഷമതകള്‍ എപ്പോഴൊക്കെയോ എന്നെയും വിഷമിപ്പിച്ചിട്ടുണ്ട്...എങ്കിലും മരണത്തിനും വല്ലാത്തൊരു ഭംഗിയുണ്ടെന്നാണെന്‍റെ പക്ഷം ..ചില ചലച്ചിത്രങ്ങളില്‍ മരണം അതി സുന്ദരമായി കടന്നു വരുന്നു..ചില ചിത്രങ്ങളില്‍ കഥ പറഞ്ഞു വല്ലാതെ കുരുക്കില്‍ പെട്ടു പോകുന്ന കഥാകൃത്തിനു ആശ്വാസമായി മരണം വര്‍ത്തിക്കുന്നു.ഈയിടെ കണ്ട പ്രണയം എന്ന ചിത്രം അങ്ങനെ ഒന്നായി തോന്നി.സുന്ദരമായ ചില സ്വപ്നങ്ങള്‍ വര്‍ണിച്ചു തീരുമ്പോള്‍ കഥാകാരനു അവിടെ ഒരാളുടെ മരണം ആശ്വാസമാണ് .അവിടെ പക്ഷെ മരണത്തിനു പര്യായപദം  കൊലപാതകമെന്ന് മാത്രമായിരുന്നു .

.                                                                ചിലനേരങ്ങളിലെ  ചിന്തകളില്‍  ഞാന്‍ ഇപ്പോള്‍ മരിക്കാന്‍ യോഗ്യനാണോ എന്ന വിഷയം കടന്നു വന്നിട്ടുണ്ട്..ജീവിതത്തില്‍ അധികം അപകടങ്ങളില്‍ ഒന്നും ഞാന്‍ പങ്കാളിയായിട്ടില്ല. എന്ന് വെച്ച് അതിന്‍റെ അഹങ്കാരമൊന്നും ഇതുവരെ തോന്നിയിട്ടുമില്ല...എന്നാലും ഉണ്ടായ ചില നിസാര അപകടങ്ങള്‍  , അതൊക്കെ കഴിഞ്ഞിട്ട് നടത്തുന്ന കണക്കെടുപ്പുകളില്‍ ഓരോന്നിനും അതിന്‍റെതായ കാരണങ്ങളും കിട്ടിയിട്ടുണ്ട്.അങ്ങനെ അകാരണമായി യാതൊന്നും നടന്നിട്ടില്ല എന്ന് എനിക്ക് പറയാന്‍ ആകുന്ന പോലെ, അകാരണമായി ഒന്നും നടക്കുന്നില്ല എന്നു പൊതു പ്രസ്താവനയും നടത്താം .അത് ഗീതയെ ഓര്‍മിപ്പിക്കും..സംഭവിക്കുന്നതെല്ലാം നല്ലതിന് ........
                                      
                                                           മറ്റുള്ളവരുടെ മരണങ്ങള്‍ .ഇന്നിപ്പോള്‍ അത് ഞാന്‍ അറിഞ്ഞു എന്നറിയിക്കുന്നതു പോലെ ബസ്സിലും പ്ലസ്സിലും ഫേസ്‌ ബുക്കിലും ഓരോ പോസ്റ്റുകള്‍ ആയി മാറേണ്ടതുണ്ട്..അല്ലെങ്കില്‍ ആരെങ്കിലും പതിപ്പിക്കുന്നതിനെ പങ്കു കൊള്ളണം..അല്ലെങ്കില്‍ ഒരു ആദരാജ്ഞലികള്‍ എഴുതണം .. അതൊരു അലിഖിത നിയമമായി മാറുകയാണോ....!!! കാരണം ഇതില്‍ ഏതെങ്കിലും ഒന്ന് എനിക്കും ചെയ്യാതിരിപ്പാനാവതില്ല......
                          
                                                      ഇന്നീ വെള്ളിയാഴ്ച പകലില്‍ നീണ്ട  ഉറക്കവും കഴിഞ്ഞു പതിനൊന്നു മണിക്ക് അടുത്ത പള്ളിയിലെ നിസ്‌കാരവര്‍ത്തമാനവും കേട്ട് വിശന്ന വയറുമായി മരണത്തെ ക്കുറിച്ച് പ്രസ്താവനകള്‍ നടത്താന്‍ എന്താ കാരണം ..അതും ഒരു മരണമാണ്..ഇന്നു രാവിലെ  ഫെസ്ബുക്കിലെ ചന്തവിള പേജില്‍  ഭാസ്കരന്‍ മുതലാളി മരിച്ച വിവരം കണ്ടു...അതില്‍ തന്നെ കണ്ട ആദരാജ്ഞലികള്‍ എന്ന പദം കോപ്പിയെടുത്തു താഴെ പതിക്കണമേന്നേ ഉണ്ടായിരുന്നുള്ളൂ ..എങ്കിലും വെള്ളയും വെള്ളയുമായി , സുന്ദരമായ മുഖവുമായി ചന്തവിള മേലേമുക്കിനു സ്വന്തമായുണ്ടായിരുന്ന മുതലാളിയുടെ   മരണം ആദ്യം തോന്നിച്ചത് ഒരു നെടുവീര്‍പ്പായിരുന്നു.. 
                                 
                                                      ഗൃഹാതുരത്വം എന്ന ഈ കാലഘട്ടത്തിലെ ഏറ്റവും പ്രചാരമുള്ള പദം ..എന്‍റെ നാടിന്‍റെ ഓര്‍മകളില്‍ എന്നും നിറയുന്ന ചില മുഖങ്ങളുണ്ട്..ചില പേരുകളുണ്ട് , അതില്‍ ചില കൗതുകങ്ങളുണ്ട്. പാക്കരന്‍ മുതലാളി എന്നായിരിക്കണം ഞാന്‍ ഏറ്റവും കൂടുതല്‍ കെട്ടിട്ടുള്ളത്..ഇടയ്ക്കെപ്പോഴോ ചില സംസാരങ്ങളില്‍ ഭാസ്കരന്‍ മുതലാളി എന്നു കൃത്യമായി ഉച്ചരിച്ചപ്പോള്‍ എന്തിനാ എനിക്ക് നാണക്കേട് തോന്നിയത്‌..?  ഇവന്‍ വലിയ പരിഷ്കാരിയെന്നു , കേട്ട് നില്‍ക്കുന്നവര്‍ക്ക് തോന്നുമോ എന്ന പേടിയാണോ...ഇതെല്ലാം ഓരോ പ്രായത്തില്‍ എന്നെ ഭരിച്ച അപകര്‍ഷതാ ബോധത്തിന്‍റെ പല മുഖങ്ങളായിരുന്നു.. 
                                                   
                                                  ഇങ്ങനെ ചില വ്യക്‌തികള്‍  ..എന്‍റെ നാടിന്‍റെ ഓര്‍മകളില്‍ , എന്നില്‍ എപ്പൊഴോ പതിഞ്ഞ ചില രൂപങ്ങള്‍..പേരുകള്‍..
മമ്മാസിന്‍ /മമ്മാസ്യന്‍ ..കിഷോള്ള ..പിന്നെ ചില ഇരട്ടപ്പേരുകള്‍ ..ഇരട്ട പ്പേരു പറഞ്ഞു ഇനിയും ആര്‍ക്കെങ്കിലും ഒക്കെ ഉണ്ടാകാനിടയുള്ള വേദനയെകൂടി വില്‍പ്പനയ്ക്ക് വെക്കുന്നില്ല...പക്ഷെ ആ പേരുകള്‍ പോലെ മനോഹങ്ങളായ കലാസൃഷ്ടികള്‍ ഒരു പുസ്തകത്തില്‍ നിന്നും എനിക്ക് കിട്ടിയിട്ടില്ല...മുഹമ്മദ്‌ കാസിം ..കൃഷ്‌ണ പിള്ള ഇവരൊക്കെ വാമൊഴി വഴക്കത്തിന്‍റെ മനോഹര സൃഷ്ടികളായി മാറുമ്പോള്‍ എന്താ ഒരു ഭംഗി...

ഓരോ മരണവും  കൂടെക്കൂട്ടുന്ന കാലഘട്ടങ്ങള്‍, ഇവരാരും മഹാന്മാരോ , സാമൂഹ്യമായി ഉയര്‍ന്നു ചിന്തിച്ചിരുന്നവരോ  എന്നൊന്നും കണക്കെടുക്കുന്നില്ല..പക്ഷെ നിഷ്കള ങ്കമായിരുന്ന എന്‍റെ നാട്ടിന്‍പുറത്ത് ഇങ്ങനെ കുറച്ചുപേരുണ്ടായിരുന്നു ..അവര്‍ തീര്‍ത്ത ലോകം.അവരുടെ കുടുംബാംഗങ്ങള്‍..അവരുമായി ചേര്‍ന്ന് നിന്നിരുന്ന ചിലയാളുകള്‍..സുന്ദരമായിരുന്നു അത്..ഇന്നതിന്‍റെ ഓര്‍മയെക്കാളും സുന്ദരം ..

ഒരിക്കലും മറക്കാനാകാത്ത കഥാ പാത്രം . ഗോപാലന്‍ . ചന്തവിളയുടെ രാത്രികളെ ഇത്രയും ഊഷ്മളമാക്കിയ ഒരു വ്യക്തി ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്  എന്നിട്ടും അദ്ദേഹത്തിന് ഓര്‍മ നില്‍ക്കുന്ന ഒരു ഇരട്ടപ്പേരും ഉണ്ടായിരുന്നില്ല എന്നത് എന്‍റെ പരിമിതമായ അറിവാകാന്‍ സാധ്യതയില്ല..അങ്ങനെ ഒരു പേര് ഉണ്ടായിരുന്നില്ല എന്നു തന്നെ തോന്നുന്നു...ആ മനുഷ്യന്‍ നെഞ്ചും വിരിച്ചു നടന്ന ചന്തവിള റോഡിനു കാലം നല്‍കിയ നെഞ്ചുവിരിവ് അദ്ദേഹത്തിന്‍റെ ജീവനെടുത്തത്തിന്‍റെ വാര്‍ഷികം ഈ അടുത്ത മാസങ്ങളില്‍ എപ്പൊഴോ ആണ്...അവരൊന്നും, വികലമെന്നു എനിക്ക് തോന്നുന്ന ഈ ലോകക്രമത്തില്‍ രേഖപ്പെടുത്തി വെക്കാന്‍ യോഗ്യതയില്ലാത്തവരായിരിക്കണം...

ഓരോ മരണങ്ങള്‍ ..നല്ലൊരു ജീവിതകാലം ജീവിച്ചു തീര്‍ത്തു ഒരു കാലഘട്ടം തങ്ങളുടേതാക്കി മരണപ്പെട്ടു പോകുന്നവരെ കുറിച്ച് ആരും ആത്മാര്‍ഥമായി സങ്കടപ്പെടാറില്ല. കാരണം അവരൊക്കെ ഇനി മരിക്കേണ്ടവരാണ്.. 

പകരം ജീവിക്കുന്ന തലമുറയില്‍ നിന്നും ഇങ്ങനെ വര്‍ണിക്കാന്‍ ഓരോ കഥാപാത്രങ്ങള്‍ രൂപപ്പെടട്ടെ... പഴമയെ വല്ലാതെ പുണരുകയും അതില്‍ ആവേശം കൊള്ളുകയും ചെയ്യുന്ന എന്‍റെ രോഗം ആ  കഥാപാത്രങ്ങളെ കാണുന്നതില്‍ നിന്നും എന്നെ തടയാതിരിക്കട്ടെ....