Tuesday, January 26, 2010

ശ്രീവിലാസം 06

ഇടവേളകള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു .ഓരോ തിരിഞ്ഞു നോട്ടത്തിലും വളരെ ദൈര്‍ഘ്യം കൂടുതലായി  തോന്നുന്നു.വിലാപങ്ങള്‍ നിര്‍ത്താം എന്ന സുഹൃത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ കണക്കിലെടുക്കാം.ഓര്‍മകള്‍ക്കും ഇടവേളകള്‍ ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു .എവിടെയൊക്കെയോ കുറെ ദിനങ്ങള്‍ രേഖപെടുത്താന്‍ ഒന്നുമില്ലാതെ ശൂന്യമായി കിടക്കുന്നു.
      കഴിഞ്ഞ രണ്ടാഴ്ചക്കാലം എന്റെ ചുറ്റുപാടുകള്‍ സൗദി അറേബ്യയിലെ അപൂര്‍വ്വം കാഴ്ചകള്‍ എന്ന പോലെ വളരെ സജീവമായിരുന്നു .ഹൃദയത്തിന്റെ ദുര്‍ബലതയെ കുത്തിനോവിച്ചു ചിന്തകളില്‍ ഒരേസമയം സുഗന്ധവും കത്തിക്കരിഞ്ഞ ദുര്‍ഗന്ധവും പേറി എന്റെ മൊബൈലില്‍ വന്നു പതിച്ച ഹാപ്പി ന്യൂ ഇയര്‍ എന്ന സന്ദേശം നിറച്ച നിര്‍വികാരത പതിയെ ഒഴിഞ്ഞപോലെ..
       എണ്ണപ്പെട്ട ദിവസങ്ങള്‍ ,  എണ്ണപ്പെട്ട വാക്കുകള്‍ ,വളരെ കൌതുകം കൊണ്ടുവന്ന ഒരു പെണ്‍കുട്ടി.ബിഗ്‌ ബ്രദര്‍ എന്ന് എന്നെ രസം കൊള്ളിച്ച പെണ്‍കുട്ടി.ഏതോ ഒരു വാക്കിന്റെ ഉത്തരം ഒരു പൂര്‍ണവിരാമത്തില്‍ ഞാന്‍ നിര്‍ത്തിയെന്നും അതിനു മറുപടിയായി അസംഖ്യം പൂര്‍ണവിരാമങ്ങള്‍ നിറക്കുന്നു എന്നു പറഞ്ഞു അവള്‍ നിര്‍ത്തി..സ്ത്രീകളുടെ നിഗൂഡത യുടെ അര്‍ത്ഥങ്ങളില്‍ ശീലിപിച്ച പുഞ്ചിരിയിലെ പുതിയ അദ്ധ്യായം.മറുപടി യായി ഞാന്‍ പറഞ്ഞത് ഒരു നന്ദിയായിരുന്നു ..എന്റെ മനുഷ്യരെ കുറിച്ചുള്ള പരീക്ഷണങ്ങളില്‍ പ്രത്യേകിച്ചു സ്ത്രീകളെ അതില്‍ പങ്കെടുത്തതിന് നന്ദി എന്നു പറയുമ്പോള്‍ അത്  അവളിലെ ഫെമിനിസത്തെ ഉണര്‍ത്തി...അതിന്റെ മറുപടിയില്‍ അവളുടെ സ്ത്രീത്വം സ്വന്തം ഊര്‍ജ്ജം നിറച്ചതും കണ്ടു..ഒടുവില്‍ എന്റെ വക അറിഞ്ഞു കൊണ്ടുള്ള ഒരു പൂര്‍ണവിരാമം .എന്തായാലും ഈ എഴുതുന്ന വാക്കുകള്‍ വായിക്കാനുള്ള അക്ഷരങ്ങള്‍ അവള്‍ക്കു പരിചയമില്ല .അവള്‍ എന്റെ നാട്ടുകാരിയല്ല...അവളുടെ പേരിന്റെ സാമ്യത കൊണ്ടാകണം അവളുടെ നാട്ടിലെ മലയാളികൂട്ടുകാര്‍ അവളെ ശാലിനി എന്നു വിളിക്കുന്നു .എന്നോട് ചോദിച്ചതു അതിന്റെ അര്‍ത്ഥമാണ്..ശാലിനിക്ക് എന്താ അര്‍ഥം...എനിക്കറിയാവുന്ന അര്‍ഥം എന്റെ അറിവ് കൊണ്ട് പറഞ്ഞപ്പോള്‍ അവള്‍ക്കു വലിയ ആവേശമായി .
          എന്റെ സ്വകാര്യതകള്‍ ഇങ്ങനെ യൊക്കെ യായിരുന്നു.ലാഘവത മനസ്സില്‍ നിറച്ചു നിര്‍ത്തുമ്പോഴും എണ്ണപ്പെട്ട   മിനുറ്റുകളില്‍ ചില മനുഷ്യര്‍ സങ്കടങ്ങളുടെ സൂചി എന്റെ മാംസത്തിലും കുത്തിയിറക്കി .ഈ വാക്കുകളുടെ കാഴ്ചക്കാര്‍ക്ക് അനുഭവപെടുന്ന വിടവുകള്‍ ,അതു നികത്തുക എന്റെ സ്വകാര്യത എന്ന  ചിന്തയാകട്ടെ .  ' എന്റെ ജീവിതത്തില്‍ കാണുന്നതെല്ലാം കറുപ്പും വെളുപ്പും ..വര്‍ണങ്ങളെ പരിചയമില്ലാത്ത ഞാന്‍ എങ്ങനെ നിനക്ക് എങ്ങനെ വര്‍ണങ്ങള്‍ സമ്മാനമായി നല്‍കും'എന്നൊരു സഹപ്രവര്‍ത്തകന്‍ ഒരു ഓട്ടോഗ്രാഫില്‍  എഴുതിയത് ഓര്‍മ വരുന്നു.അന്ന് അതിന്റെ അര്‍ത്ഥങ്ങളില്‍ ബഹുമാനം തോന്നിയെങ്കിലും ഇപ്പോള്‍ അതില്‍ വലിയ കാര്യമില്ല എന്ന് മനസ്സിലാകുന്നു ചിന്തകളിലും വീക്ഷണങ്ങളിലും ഉണ്ടാക്കാവുന്ന വൈവിധ്യം അല്ലെങ്കില്‍ ഫ്ലെക്സിബിലിറ്റി ജീവിതത്തെ വളരെ നാടകീയവും അസാധാരണവും ഒക്കെയാക്കി മാറ്റാന്‍ സഹായിക്കും എന്ന് മനസിലാകുന്നു.എന്തായാലും ദുഖവും സന്തോഷവും തമ്മിലുള്ള അന്തരം  അക്ഷരങ്ങളോട് കൂട്ടു കൂടിയതിനു ശേഷം വളരെ ശ്രദ്ദേയമായ രീതിയില്‍ കുറക്കാന്‍ കഴിഞ്ഞു.അങ്ങനെ എന്റെ ചില സുഹൃത്തുക്കള്‍ക്ക് അസഹനീയമായി തോന്നിയ അര്‍ത്ഥഗര്‍ഭമായ പുഞ്ചിരി ഇനിയും നിലനിര്‍ത്താന്‍ കഴിയും എന്ന ആത്മ വിശ്വാസത്തിലാണ്.
                  ഓര്‍മകളുടെ ഇടവേളകളെ കുറിച്ച് പറഞ്ഞു തുടങ്ങിയത് കണക്കെടുപ്പില്‍ കുറെ ദിവസങ്ങള്‍ എന്റെ മുന്‍പില്‍ വരുന്നില്ല ചാണകവറളിയും ഇരുട്ട് മൂടിയ മുറികളും കഴിഞ്ഞാല്‍ പിന്നെ ഒരു ശൂന്യത .എഴുതാന്‍ ഒന്ന് പോലുമില്ലാതെ കുറെ ദിവസങ്ങള്‍ ..അങ്ങനെ ഓര്‍ക്കുന്നതുപോലും ഭീകരമായി തോന്നുന്നു .പിന്നെ അന്നത്തെ ഓര്‍മ ചെന്നെത്തുന്നത് ഒരു ഒറ്റ മുറിക്കടയില്‍ ,അവിടെ മുഖം ഓര്‍മയില്ലാത്ത കുറെ കുട്ടികള്‍ ..ഒരു ടീച്ചര്‍ .അന്നും ഇപ്പോഴും ആ ടീച്ചറുടെ പേര് അറിയില്ല .പക്ഷെ  മൂന്നു നാല്  വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ ടീച്ചറുടെ ഭര്‍ത്താവ് ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടു എന്ന് കേട്ടത് .അന്ന് എന്റെ നഴ്സറിയെ കുറിച്ച് വീണ്ടും ഓര്‍ത്തു.
എന്റെ ആദ്യ വിദ്യഭ്യാസ കേന്ദ്രം അതാകുന്നു .അവിടെ നിന്നും എന്തെങ്കിലും കൂടെ കൂട്ടിയോ എന്ന് നിശ്ചയമില്ല .ഒരു ഓര്‍മയുള്ളത് അവിടെ ചാരി വെച്ചിരുന്ന വാതില്‍ നിരകള്‍ , അതിലൊന്ന് എന്റെ പുറത്തു വീഴുകയോ ഞാന്‍ അതിന്റെ പുറത്തു വീഴുകയോ ചെയ്തു ..ഫലം നെറ്റിമേല്‍ ഒരു മുഴ .ആ മുഴയുമായി ഞാനും എന്നെ ചുമന്നു സൈക്കിളും അതിനെ തളിച്ച് അച്ഛനും അന്ന് ഉച്ചക്ക് വീട്ടിലെത്തിയപ്പോള്‍ അമ്മ ദേഷ്യപ്പെട്ടതോര്‍മയുണ്ട്.അത് അമ്മയുടെ കഥ..അമ്മയുടെ സ്നേഹം  അങ്ങനെ ദേഷ്യമായാണ് അധികവും പുറത്തു വാരാറു. അന്നുമിന്നും  അമ്മയുടെ  രീതി  ഇങ്ങനെയായിരുന്നു...ദേഷ്യപെടലിന്റെ        മനശാസ്ത്രം         ഞാന്‍  വളരെ  ആലോചിച്ചു  മനസിലാക്കുന്നു  ...തീവ്രമായ  സ്നേഹമുള്ളവരോട്    മാത്രമേ  ദേഷ്യപ്പെടാനാകൂ ...നമ്മള്‍  ഇഷ്ടപെടുന്നവര്‍  ഒരു  നിസാര  തെറ്റ് വരുത്തുന്നതുപോലും   സഹിക്കാനുള്ള  മനസ്സ്  തോന്നാതെ  വരുക ..എന്റെ  അമ്മയുടെ  സ്നേഹം ..ഒരു  പക്ഷെ  എന്നിലേക്കും  മായം  ചേരാതെ  പകര്‍ന്നു  കിട്ടിയ  സ്വഭാവം  അതാണെന്ന്  ഞാന്‍  വിശ്വസിക്കുന്നു ..എന്റെ വ്യക്തി ജീവിതത്തില്‍   എനിക്ക്  ഈ  സ്വഭാവം  കൊണ്ട്  നഷ്ടമായവ  ,കണക്കെടുപ്പുകളില്‍   ഇപ്പോള്‍  കുറെയായി എനിക്ക്  വിശ്വാസം  പോര. .ആത്മാര്‍ഥത  എന്നും  എനിക്ക്  നൂറുമേനി  തന്നിട്ടുണ്ട് ..അത്  പോലെ  തന്നെ  നഷ്ടമായവ  എനിക്കുള്ളതല്ല എന്നും   അതില്‍  എന്റെ  പരിശ്രമം  അതിന്റെ  മൂല്യത്തോളം   എത്തിയില്ലെന്നതും ,എന്നെ   മനസ്സിലാക്കിക്കുന്ന  പിതൃക്കള്‍ക്കും  ഗുരുക്കന്മാരോടും   നന്ദി  പറഞ്ഞാല്‍  തീരില്ല .അന്നത്തെ  ആ  തലയിലെ  മുഴക്കും   മരുന്ന്  വെള്ളത്തുണിയില്‍   പൊതിഞ്ഞു  അടുപ്പില്‍  വെച്ച്  ചൂടാക്കി  നെറ്റിയില്‍  തോറ്റ  ചാണകം  തന്നെ ...അങ്ങനെ  ആദ്യ  നഴ്സറി ..ഇന്ന്  ആ  മുറി  അവിടില്ല ...അതിനു  പകരം  വന്ന  രണ്ടു  നില  കെട്ടിടത്തില്‍  ആയിരുന്നു  കഴക്കുട്ടം  സര്‍വീസ്  സഹകരണ  ബാങ്ക്  ചന്തവിള ശാഖ പ്രവര്‍ത്തിച്ചിരുന്നത് ..ഇപ്പോള്‍  അവിടെ  എന്താ  ഉള്ളതെന്ന്  അറിയില്ല ...
                 അവിടെ  അധിക  ദിവസം  പോയിട്ടില്ല  എന്നാണ്  ഓര്‍മ ..ആ  വശം  ചേര്‍ന്ന്  മൂന്നു  നാല്  കെട്ടിടങ്ങള്‍ക്കപ്പുറത്തു  ഏകദേശം  ആ  സമയത്ത് മലങ്കര  ചര്‍ച്ച് തുടങ്ങിയ ഇംഗ്ലീഷ്    മീഡിയം നഴ്സറി ..അവിടെ ,  യൂണിഫോമും  വെള്ളക്കുപ്പിയും  ആയി  യു കെ ജി യിലേക്ക്  പോകാം  നമുക്ക് ...അടുത്ത ക്ലാസ്സില്‍ ...

0 comments:

Post a Comment