Saturday, August 14, 2010

ശ്രീവിലാസം 09.സ്വാതന്ത്ര്യദിനം

"പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ

നിങ്ങളോടൊപ്പം ഞാനും ഇന്ന് വളരെയധികം സന്തോഷത്തിലാണ്.മഹത്തായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ഇന്ന് അതിന്‍റ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു.ഈ വര്‍ഷം നമുക്ക് മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ് ,കാരണമറിയാമല്ലോ ..ഒരു മൂന്നു ആഴ്ച മുന്‍പ് നമ്മള്‍ മലയാളികളില്‍ ഒരാള്‍ ഇന്ത്യയുടെ പ്രഥമ പൗരന്‍ ആയിരിക്കുന്നു ,അതും പിന്നോക്ക സമൂഹത്തില്‍ പെട്ട ഒരാള്‍ ..കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലായ്‌ 25 നു കോട്ടയം കാരന്‍ ശ്രീ കെ ആര്‍ നാരയണന്‍ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു ..അതു നമ്മുടെ മഹാത്മജി സ്വപ്നം കണ്ടതിന്‍റെ ഒരു സാക്ഷാത്കാരം കൂടിയാണ് .അതു സ്വാതന്ത്ര്യം കിട്ടി അന്‍പതാമത് വര്‍ഷത്തില്‍ ആയതു അതിന്‍റെ മധുരം ഇരട്ടിപ്പിക്കുന്നു.നമ്മുടെ കേരളം ഇപ്പോള്‍ ഭരതത്തിന്‍റെ നെറുകയില്‍ എത്തിയിരിക്കുന്നു..ഇന്ന് ഇപ്പോള്‍ ഈ ആഘോഷങ്ങള്‍ക്കായി നമുക്കൊപ്പം പങ്കു ചേര്‍ന്നത്‌ കഴക്കൂട്ടം റോട്ടറി ക്ലബിന്‍റെ അംഗങ്ങളും കൂടിയാണ്..അവര്‍ നമ്മുടെ ഈ സ്വാതന്ത്ര്യ ദിനം അവിസ്മരണീയമായ ഒരു അനുഭവമാക്കാന്‍ നിറയെ മല്‍സരങ്ങളും പരിപാടികളും ഒക്കെ ആസൂത്രണം ചെയ്തിട്ടുണ്ട്..അഡ്വക്കേറ്റു നാരായണന്‍ നായര്‍ നമ്മുടെ സ്കൂളിന്‍റെ ഒരു അഭ്യുദയ കാംക്ഷിയാണ്.ഇപ്പോള്‍ റോട്ടറി ക്ലബ്ബിന്‍റെ സാരഥിയായി ഇവിടെ അദ്ദേഹവും ഉള്ളത് നമുക്ക് കൂടുതല്‍ ആനന്ദം നല്‍കുന്നു. റോട്ടറി ക്ലബ്ബിന്‍റെ അംഗങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഇവിടെ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ള സമീപപ്രദേശങ്ങളിലെ സ്കൂളുകളായ മാധവ വിലാസം തുണ്ടത്തില്‍ ,ജ്യോതി നിലയം ,അല്‍ ഉതുമന്‍ ,കഴക്കൂട്ടം ഗവ:, നമ്മുടെ തന്നെ ഗേള്‍സ് ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും സ്വാഗതം ആശംസിക്കുന്നു .ഒപ്പം എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ "
കൃഷ്‌ണമ്മ ടീച്ചറിന്‍റെ വാക്കുകള്‍ ......അതിന്‍റെ തുടര്‍ച്ചയായി ഉണ്ടായ കരഘോഷം, മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അതിന്‍റെ ഏകദേശമുള്ള ചരിത്രം മുഴുവന്‍ പഠിച്ച വര്‍ഷമാണ് എന്‍റെ പത്താം ക്ലാസ്സ്‌ കാലഘട്ടം..അന്‍പതാം സ്വാതന്ത്ര്യദിനം അതിന്‍റെ പേരിലുള്ള ആഘോഷങ്ങളുടെ പേരില്‍ എല്ലാ സംഘടനകളും നിറയെ പ്രശ്നോത്തരികള്‍ സംഘടിപ്പിച്ച വര്‍ഷം .പത്താം ക്ലാസ്സുകാരന്‍റെ ആവേശം,ചരിത്രത്തോടുള്ള താല്പര്യം ഒക്കെ എന്‍റെ സ്കൂളിന്‍റെ ക്വിസ് ടീമിന്‍റെ ഒരംഗമായി എന്നെ മാറ്റി .അതുകൊണ്ട് തന്നെ എനിക്കും ഈ സ്വാതന്ത്ര്യദിനം പ്രധാനമാണ്..
അങ്ങനെ മല്‍സരങ്ങള്‍ ആരംഭിക്കുന്നു ..ആകെ ആവേശമാണ്.പെണ്‍കുട്ടികളുടെ പാദസ്പര്‍ശം ഏല്‍ക്കാന്‍ കൊതിച്ച മുസ്ലിം ബോയ്സ് ഹൈസ്കൂള്‍ ഇന്ന് വിവിധ സ്കൂളുകളിലെ പെണ്‍കിടാങ്ങളുടെ സന്നിധ്യത്തില്‍ വളരെ സന്തോഷത്തിലാണ്.മലയാളം പ്രസംഗ മല്‍സരത്തിനുള്ളവരെ പത്തു ഡി യിലേക്ക് ചെല്ലാനുള്ള അറിയിപ്പാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .രാജേഷ്‌ ആണ് അതിലേക്കുള്ള പ്രതിനിധി.അവിടെ ചെന്ന് വിഷയം വാങ്ങി ഒരു മൂന്നു മിനിട്ട് തയ്യാറെടുപ്പിനായി അടുത്ത റൂമിലേക്ക്‌..അത് കഴിഞ്ഞു ജഡ്‌ജുമാരുടെ മുന്‍പിലേക്ക് .അതിനിടയില്‍ തന്നെ ഇംഗ്ലിഷ് മത്സരത്തിനും വിളിവരുന്നു ..അതില്‍ എന്‍റെ ഊഴമാണ് വിഷയം വാങ്ങി മൂന്ന് മിനിട്ടിനു ശേഷം വിധികര്‍ത്താക്കളുടെ മുന്‍പിലേക്ക് എത്തുമ്പോള്‍ തന്നെ ഞാന്‍ വിറച്ചു തുടങ്ങി എന്നു ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നു..വിജയലക്ഷ്മി (കണക്കു )ടീച്ചറും മറ്റു രണ്ടുപേരുടെയും മുന്‍പില്‍ അറിയാവുന്നത് പോലും പറയാനാകാതെ നിന്നു.ഒടുവില്‍ ഒന്നര മിനുട്ട് കൊണ്ടു ആ ചടങ്ങ് അവസാനിപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ എന്താ ഒരു ആശ്വാസം .ഒരു ഇംഗ്ലിഷ് പ്രസംഗമൊക്കെ നടത്താനുള്ള കെല്‍പ്പു എനിക്കുണ്ടോ എന്ന ന്യായമായ സംശയം എനിക്കു തോന്നിയപ്പോള്‍ പുറത്തുണ്ടായിരുന്നവര്‍ക്കു പക്ഷെ എനിക്കെന്തോ പറ്റി എന്നുള്ള സംശയം ..
രാവിലെ തുടങ്ങിയ മത്സരങ്ങള്‍ ഉച്ചയായപ്പോഴേക്കും ഏകദേശം കഴിഞ്ഞിരുന്നു..മലയാള പ്രസംഗ മത്സരത്തിലും ഉപന്യാസത്തിലും രാജേഷ്‌ രണ്ടാം സ്ഥാനം നേടിയിരുന്നു .ആതിഥേയര്‍ക്കു മുഖം രക്ഷിക്കാന്‍ ഇത് മാത്രം പോര എന്ന് ടീച്ചര്‍മാര്‍ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.ദേശഭക്തി ഗാനം, മലയാളം ഇംഗ്ലീഷ് ഉപന്യാസ രചന,ഇങ്ങനെ പോകുന്നു മറ്റു മല്‍സരങ്ങള്‍.
ഉച്ചകഴിഞ്ഞു ആഹാരമൊക്കെ കഴിഞ്ഞു,ഇനിയാണ് അഭിമാനപ്പോരാട്ടം ..ഒരാഴ്ച മുന്‍പ് എസ് ബി ടി നടത്തിയ പ്രശ്നോത്തരിയില്‍ ഞങ്ങളെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിയവര്‍ -മാധവവിലാസം സ്കൂളിലെ സിജുവും ഷംനാദും..അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അനീഷ്‌ അവര്‍ക്ക് മല്‍സരത്തിനു മുന്‍പ് നോക്കാന്‍ ആയി നല്‍കിയ ബുക്ക്‌ അതില്‍ നിന്നുള്ള ചില ചോദ്യങ്ങള്‍ ചോദിച്ചു ..ആ ബുക്ക് നോക്കിയത് കൊണ്ടാകണം അവര്‍ അത് പറഞ്ഞത് .ഫലം അവര്‍ക്ക് ഒന്നാം സ്ഥാനം ..എന്നോടൊപ്പം അന്ന് അനീഷ്‌ ഉണ്ടായിരുന്നു എങ്കിലും രാജേഷ്‌ ആണ് മല്‍സരിക്കാന്‍ അവസരം ലഭിച്ചത് ,അത് കൊണ്ട് അവന്‍ അതിന്‍റെ നീരസം ഇങ്ങനെ തീര്‍ത്തതാകാം എന്ന് ഞാന്‍ സംശയിക്കുന്നു..അത് ടീച്ചറോട്‌ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.പിന്നീട് അത് തമാശയായി എങ്കിലും അന്ന് അത് ഞാന്‍ എന്‍റെ ഉറപ്പുള്ള ഒരു വിശ്വാസമായി കണക്ക് കൂട്ടി .എന്തായാലും ഇന്ന് ഗോപകുമാര്‍ ആണ് എന്‍റെ കൂടെ..മുന്‍പില്‍ സിജുവിന്‍റെ ടീം ..അടുത്ത് ജ്യോതി നിലയത്തിലെ രണ്ടു പെണ്‍കുട്ടികള്‍ ..പേര് പറഞ്ഞു പരിച്ചയപെടുത്തിയപ്പോള്‍ ആണ് എനിക്ക് പേര് കിട്ടിയത്,'നീത' ഇതെന്തു പേര്..ആദ്യമായാണ് അങ്ങനെ ഒന്ന്..എന്തായാലും അവളോട്‌ എനിക്ക് അത്ര പ്രതിപത്തി പോര .ഒരു കണ്ണാടി വെച്ച് ബുജിയെ പോലെ ഇരിക്കുന്നു .അവള്‍ക്കാണ് ഇംഗ്ലിഷ് പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം ..എന്തായാലും ആ മല്‍സരത്തില്‍ ഉണ്ടായ പോലെ ഒരു ദുരന്തം ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നില്ല ..ആത്മ വിശ്വാസം വളരെയധികം കൈമുതലായി ഉണ്ട് ..കാരണം കുറച്ചു മാസങ്ങളായി ഈ പരിപാടി തുടങ്ങിയിട്ട്..ഞാനും ഗോപകുമാറും കൂടിയാണ് കഴിഞ്ഞ മാസം പോത്തന്‍കോടു കഥകളി ക്ലബ്ബില്‍ നടന്ന കഥകളി ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത്..അത്തരം ഒരു വിഷയത്തിലെ സമ്മാനം കൃഷ്ണമ്മ ടീച്ചറെ സന്തോഷിപ്പിച്ചു..അതിനു ശേഷം ടീച്ചര്‍ എല്ലാ മത്സരങ്ങള്‍ക്കും ഞങ്ങളെ അയക്കാറുണ്ട്..ഇവിടെയും അങ്ങനെ ചില പ്രതീക്ഷകള്‍ ഉണ്ട്..
ടീമുകള്‍ ആയി വരിവരിയായി മത്സരിക്കുമ്പോള്‍ ഭാഗ്യത്തിനും ഒരു വലിയ പങ്കു ഉണ്ട്..നേരിട്ടുള്ള ചോദ്യങ്ങള്‍ പോലെ തന്നെ കൈമാറി വരുന്നവയും പ്രധാനം ..നാലാം ടീം ആയി ഇരിക്കുന്ന ഞങ്ങളുടെ മുന്നിലെ കഴക്കൂട്ടം ടീം ഉത്തരങ്ങള്‍ പറയാതെ ഇരിക്കേണ്ടത് എന്‍റെ പ്രാര്‍ത്ഥനയിലെ പ്രധാന ആവശ്യമാണ് ..അങ്ങനെ മൂന്നു ചോദ്യങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്കുള്ള ആദ്യ ചോദ്യം ..ഗാന്ധിജി ഇന്ത്യയില്‍ വെച്ച് പങ്കെടുത്ത ആദ്യ സമര പരിപാടി ഏതു,..പൂര്‍ണമായി ഉറപ്പില്ലാത്ത ഉത്തരമായിരുന്നിട്ടും ഞാന്‍ 'ചമ്പാരന്‍' എന്ന ഉത്തരത്തെ വിശ്വസിച്ചു.ആ വിശ്വാസം തന്നെ ശരിയായപ്പോള്‍ മുതല്‍ ഞങ്ങള്‍ അവിടെ ഒന്നാം സ്ഥാനക്കാരായി മാറുകയായിരുന്നു .ജ്യോതിനിലയം ഞങ്ങള്‍ക്ക് പിന്നിലായി രണ്ടാമതെത്തി...

അന്‍പതാം സ്വാതന്ത്ര്യദിനാഘോഷം അങ്ങനെ അവിസ്മരണീയമായി..ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പുറത്തിറക്കിയ india at 50 എന്ന പുസ്തകം ഒന്നാം സ്ഥാനക്കാരെ തേടിവന്നു..ഒപ്പം ക്യാഷ് പ്രൈസും..അങ്ങനെ ആ ഒരു വര്‍ഷം കുറച്ചു കാശു സമ്പാദിക്കാന്‍ കഴിഞ്ഞു എന്നത് സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ അന്‍പതാം വര്‍ഷത്തെ വേറിട്ട്‌ നിര്‍ത്തുന്നു

പിന്നെ ഇപ്പോള്‍ അറുപത്തി നാലാമത് സ്വാതന്ത്ര്യദിനം എത്തുമ്പോള്‍ അന്ന് പ്രശ്നോത്തരിക്കു വേണ്ടിയാണെങ്കിലും പഠിച്ച സ്വാതന്ത്ര്യസമരത്തിന്‍റെ വീര ചരിത്രങ്ങള്‍ അതിലും ഗൗരവത്തോടും ഒപ്പം ആവേശത്തോടും ഇവിടെ പ്രവാസലോകത്ത് ഓര്‍ക്കാന്‍ കഴിയുന്നു..എന്നിലെ ചരിത്രബോധം അതിനെ എല്ലാവ്യപ്തിയോടും കൂടി പടിപ്പിച്ച അധ്യാപകന്‍ ശ്രീ രാജശേഖരന്‍ സാറിനും ഭാരത് ട്യൂഷന്‍ സെന്‍ററിലെ ഉണ്ണികൃഷ്ണന്‍ സാറിനും ഈ ഓര്‍മകളിലൂടെ നന്ദി പറയാനാകുന്നു..

അന്ന് പതിനായിരങ്ങള്‍ ജീവന്‍ കൊടുത്ത് നേടിയ സ്വാതന്ത്ര്യം ,അന്ന് പടിയിറക്കിവിട്ട കച്ചവടക്കാര്‍ രൂപം മാറിയ ഭരണാധികാരികള്‍ ..ഇന്ന് അവരെ തന്നെ കച്ചവടത്തിനായി ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുന്ന ഈ ദിവസങ്ങളില്‍ നടന്നതിലും വലിയൊരു സ്വാതന്ത്ര്യസമരം ആവശ്യമായി വരുമോ എന്ന് ഭയാശങ്കകളോടെ ഓര്‍ക്കുന്നു.. രാജ്യത്തിന്‍റെ സംസ്‌കൃതിയിലും പരമാധികാരത്തിലും ബോധം പുലര്‍ത്തുന്ന ഒരു ജനതയുടെ സചേതനമായ സാന്നിധ്യം ഭാരതത്തിന്‍റെ ഇനിയുള്ള പുരോഗതിക്ക് കരുത്തു പകരട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ..


3 comments:

അനില്‍ ദീപു said...

ചേട്ടാ, ഇതില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ എനിക്ക് കൃത്യം ഓര്‍മയുണ്ട്. നിങ്ങള്‍ ക്വിസ് ടീമിന്റെ തലപ്പത്ത് വെളയാടിയ ആ കാലം എനിക്ക് ഓര്‍മയുണ്ട്. നിങ്ങള്‍ കൃഷ്ണമ്മ ടീചെറില്‍ നിന്നും സമ്മാനം വാങ്ങിയതും ടീച്ചര്‍ നിങ്ങളെക്കുറിച് പൊക്കി പറഞ്ഞതും കേട്ടുകൊണ്ട് ആ അസ്സെംബ്ലി യില്‍ ഞാനും ഉണ്ടായിരുന്നു കേട്ടോ. ഇതിലെ അനീഷും ഗോപകുമാര്‍ ഉം എന്റെ ക്ലാസ്സ്‌ മേറ്റ്സ് ആയിരുന്നല്ലോ. ആ രാജേഷ്‌ എന്താ പ്രോഗ്രാം? നിങ്ങള്‍ 10 ഡി യിലെ താരങ്ങള്‍ ആയിരുന്നല്ലോ. ഞാന്‍ അന്ന് 9 G യില്‍ ആയിരുന്നു. സ്റ്റൈല്‍ അംബിക ടീച്ചറും പിന്നെ ആ beautiful ആയ മലയാളം ടീച്ചറും (സോറി അവരുടെ പേര് ഞാന്‍ മറന്നുപോയി,കിട്ടിയാല്‍ പറയണം ) നിങ്ങളെപ്പറ്റി വളരെയേറെ പുകഴ്ത്തല്‍ ക്ലാസ്സില്‍ നടത്തി. അടുത്ത കൊല്ലം എനിക്ക് 10 ഡി യില്‍ പഠിക്കാനുള്ള അവസരം കിട്ടി. അന്ന് ക്ലാസ്സ്‌ ടീച്ചര്‍ ഒരു maths ടീച്ചര്‍ ആയിരുന്നു, അവരുടെ പേരും മറന്നുപോയി, ഓ ഇല്ല, ജയപ്രഭ എന്നായിരുന്നു. എന്തായാലും സ്കൂളിലെ ആ സ്വാതന്ത്ര്യ ദിനം ഓര്‍മ പ്പെടുത്തിയതിന് നന്ദി. അനീഷിനെ ഇടയ്ക്കു കഴക്കൂട്ടത്ത് വച്ച് കാണാറുണ്ട് . ഇനി കാണുമ്പോള്‍ ഇക്കാര്യം ഓര്‍മിപ്പിക്കാം. ഇതുപോലുള്ള nostalgic ഐറ്റംസ് ഇനിയും പ്രതീക്ഷിക്കുന്നു.നിര്‍ത്തട്ടെ. അനില്‍, ചന്തവിള.

Shiju Sasidharan said...

ഡാ ഞാന്‍ 10 c ആയിരുന്നു ആ മല്‍സരം നടന്ന ക്ലാസ്സ്‌ 10 D യില്‍ ആയിരുന്നു ...അതാണ്‌...

Shiju Sasidharan said...

വളരെ സുന്ദരിയായ ആ ടീച്ചറുടെ പേര്...ജയശ്രീ....
അവരായിരുന്നു എനിക്ക് മലയാളത്തെ വല്ലാതെ ഇഷ്ടമാക്കിയത്...

പിന്നെ ചരിത്രം പഠിപ്പിച്ച രാജശേഖരന്‍ സാര്‍ ..ഭാരത്തില്‍ പഠിപ്പിച്ച ഉണ്ണികൃഷ്ണന്‍ സാര്‍ ..നിനക്കറിയാമായിരിക്കും മെമ്പര്‍ ആയിരുന്നു..ത്രിജ്യോതിപുരം വാര്‍ഡില്‍......

പിന്നെ സുകു സാര്‍ ..അദ്ദേഹതോടും വല്ലാത്ത ഇഷ്ടം...ഞങ്ങളുടെ പത്താം ക്ലാസ്‌ ഓണാവധി കഴിഞ്ഞു സ്കൂള്‍ തുറന്ന ദിവസമായിരുന്നു അദേഹം മരണപ്പെട്ടത്...ശേഷം ബയോളജിക്ക് എന്‍റെ മാര്‍ക്ക് അദ്ദേഹത്തിന്‍റെ നഷ്ടം ഇരട്ടിപ്പിച്ചു...

ഓര്‍മ്മകള്‍ ക്ക് വല്ലാത്ത മണം....മത്തു പിടിപ്പിക്കുന്നു...ഇനിയും വളരണമെന്ന് ആഗ്രഹമേയില്ല ...

Post a Comment