Saturday, August 21, 2010

ശ്രീവിലാസം 10 ..ഓണത്തിന്‍റെ പുതിയ ഓര്‍മകള്‍ സൃഷ്ടിക്കാം

                                                  ഐതിഹ്യങ്ങള്‍  കൊണ്ട് മെനഞ്ഞതെങ്കിലും ഓര്‍ക്കാനിഷ്ടപ്പെടുന്നതും സങ്കുചിതമായല്ലാതെ  ചിന്തിക്കാന്‍ കഴിയുന്നതുമായ ഒരു ആഘോഷം.ജനിച്ച നാള്‍ മുതല്‍ കേട്ട ഓണത്തിന്‍റെ ഓര്‍മകളായിരുന്നു  നിറയെ.ഓണം ആഘോഷിക്കുന്നത് മഹാബലിയുടെ ഓര്‍മയിലെങ്കില്‍ അത് ആഘോഷിക്കുന്നവര്‍ക്ക് തങ്ങളുടെ കഴിഞ്ഞകാലങ്ങളെ  ഓര്‍ക്കാനുള്ള വകയായി.വര്‍ത്തമാനത്തില്‍ ജീവിക്കുന്ന മലയാളിക്ക് ഓണത്തിന്‍റെ ആഘോഷം കൂടുതല്‍ ഹൃദ്യമാകുന്നതു ഇതുകൊണ്ടായിരിക്കും.ഓണത്തിന്‍റെ ആഘോഷങ്ങളെയും ചടങ്ങുകളെയും പുനരാവിഷ്കരിക്കാന്‍ യുവത്വം ആഗ്രഹിച്ചാലും അതിനു വേണ്ട ഉപദേശങ്ങള്‍ നല്‍കാനോ ഈ ഓര്‍മകളില്‍ വിഹരിക്കുന്നവര്‍ ശ്രമിക്കാറില്ല.ഒന്ന് മിനക്കെടാന്‍ തയ്യാറാകാതെ റെഡിമെയ്ഡ്  വിഭവങ്ങളെ പുല്‍കുന്നവരില്‍ മുന്‍പന്തിയിലും ഇത്തരക്കാരാണ് കൂടുതല്‍ .അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും "ഇതൊക്കെയെന്തര് ഓണം ഓണമൊക്കെ അങ്ങ് പണ്ട് "
                                                        ഇങ്ങനെയൊക്കെ കേട്ട് തഴമ്പിച്ചതു കൊണ്ടാകണം ഓണത്തെക്കുറിച്ച് വര്‍ത്തമാനകാലമെഴുതാന്‍ ആര്‍ക്കും കഴിയാതെ പോകുന്നത്.അങ്ങനെയെങ്കില്‍ എനിക്കും കാര്യങ്ങള്‍ വ്യത്യസ്തമാകാനിടയില്ല. പ്രിയപ്പെട്ട വല്യമ്മയുടെ ചിങ്ങം ഒന്നിന് സംഭവിച്ച വിയോഗം ഓണത്തിനോടനുബന്ധിച്ചു ഇവിടെ ഉണ്ടാകാനിടയുള്ള  സദ്യവട്ടങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് ഒരു ഒഴികഴിവ് ആയി തോന്നാതേയുമില്ല.എന്നാല്‍ ഞാന്‍ പിന്മാറിയാല്‍ ഈ ഫ്ലാറ്റില്‍ അങ്ങനെയൊരാഘോഷം നടക്കാനിടയില്ല എന്നതു അല്‍പ്പം അഹങ്കാരത്തോടെയെങ്കിലും ഓര്‍ക്കുന്നു ..
                                                           ഓര്‍മ്മകള്‍ എഴുതാന്‍തുടങ്ങിയ ബ്ലോഗു പേജില്‍ ഓണത്തിന്‍റെയും ഓര്‍മകള്‍ നിറയ്ക്കേണ്ടതു ആവശ്യമായിരിക്കാം .എങ്കിലും ഇപ്പോള്‍ എന്നെ സന്തോഷിപ്പിക്കുന്നത് എന്‍റെ കേരളത്തിലെ ചില കാഴ്ചകളാണ്.സഹകരണസംഘങ്ങളിലും മാവേലിസ്റ്റോറുകളിലും കാണുന്ന നീണ്ട നിര,പാവങ്ങള്‍ക്ക് ഹൃദ്യമായ ഒരു ഓണം എന്ന് പ്രഖ്യാപിക്കുന്ന ഒരു മന്ത്രി.അത്തരം വരികളില്‍ മറവിയിലേക്ക് പോയ റേഷന്‍കാര്‍ഡുകളുമായി ഐ എ എസ് കാരുമുണ്ടെന്നു മറ്റൊരു മന്ത്രി.കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.കെട്ടിക്കിടന്നു നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും പാവങ്ങള്‍ക്ക് നല്‍കാനാകില്ല എന്ന് പറഞ്ഞു  ദരിദ്ര നാരായണന്‍മാരുടെ നാട്ടിലെ ഒരു മന്ത്രി ജീവിക്കുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നു .
                                                                ഒപ്പം അത്രയേറെ ഇല്ലെങ്കിലും തരിശായി കിടന്ന കുറെ കൃഷിഭൂമിയില്‍ കൃഷിനടക്കുന്നു ,പുത്തരിക്കണ്ടം മൈതാനത്തിന്‍റെ  കുറച്ചു ഭാഗത്തു കൃഷിയിറക്കുന്നു.മേയറും മന്ത്രിയും എം എല്‍ എ മാരും കൂടി അത് കൊയ്യാനിറങ്ങുന്നു.വേറൊരു ദിക്കില്‍ അച്ഛന്‍റെ ഓര്‍മകളില്‍ പ്രചോദനം കൊണ്ട് നടന്‍ കൃഷ്ണപ്രസാദ്‌ കൃഷിയില്‍  സന്തോഷം കണ്ടെത്തുന്നു.അങ്ങിങ്ങായി കുറച്ചു പഞ്ചായത്ത് എങ്കിലും ഓണത്തിന് ആവശ്യമായ വിഭവങ്ങള്‍ കൃഷി ചെയ്തു ഓണം കാര്‍ഷികവിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്നു.വടക്ക് ചില സ്ക്കൂളില്‍ കുട്ടികള്‍ കൃഷി ചെയ്തു അവരവുടെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഉണ്ടാക്കുന്നു ..ഇതൊക്കെ ഈ ഓണദിനങ്ങളില്‍ ആവേശം പകരുന്നു ..ഒപ്പം ഇതിനൊക്കെ വിപുലമായ തുടര്‍ച്ചകളെ ആഗ്രഹിക്കുകയും അങ്ങനെ സ്വപ്നം കാണുകയും ചെയ്യുന്നു,
            പ്രവാസം കൊണ്ട് നേടിയ സ്വന്തം മണ്ണിനോടുള്ള സ്നേഹം, ആവേശം ഇതൊന്നും ഓണത്തിനും വ്യത്യസ്തമല്ല.മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായാണ് ഓണം കരുതുന്നത്..എന്നാല്‍ അതും ഓര്‍മ്മകള്‍ മാത്രമാണോ  എന്നും സംശയിക്കാം.എങ്കിലും എല്ലാവരും ഓണം ആഘോഷിക്കുന്നു..സ്മരണകള്‍ അയവിറക്കുന്നു.കാണം വിറ്റും ഓണമുണ്ണണം എന്നതിനു പുറകില്‍ ഒരു പക്ഷെ ദാരിദ്ര്യത്തിനിടയില്‍ വര്‍ഷത്തില്‍ ഒരുദിവസം ഉണ്ടാകുന്ന സമൃദ്ധി യോടുള്ള കൊതിയാകാം.
                       സര്‍വ്വീസ്‌ സഹകരണബാങ്കിലെ ഓണച്ചന്തയില്‍ നിന്ന് വാങ്ങിതരുന്ന ഒരു ജോഡി ഷര്‍ട്ടും പാന്‍റും ഇന്നും പ്രിയങ്കരമാകുന്നതു യൂണിഫോര്‍മുകള്‍ക്കിടയില്‍ നിന്ന് വര്‍ണ്ണവസ്ത്രത്തിലേക്ക് എത്തുന്നതിന്‍റെ സന്തോഷംകൊണ്ടാണ് .
                   അയല്‍പക്കങ്ങളിലേക്കും ബന്ധുവീടുകളിലേക്കും എത്തിക്കാന്‍ ഉണ്ണിയപ്പവും അച്ചപ്പവും ഉണ്ടാക്കാന്‍ ഉത്രാടരാത്രികളില്‍ അമ്മ തിരക്കുകൂട്ടുന്നതും ഓണത്തിന്‍റെ മധുരമാണ് ,
                   ഓണം സ്പെഷ്യല്‍ തിരക്കുകളില്‍ തിരുവോണം പുലര്‍ച്ചെ വരെ അച്ഛന്  കട തുറന്നുവെക്കേണ്ട തിനാല്‍ വീട്ടില്‍ അമ്മക്ക് കൂട്ടായി ഉണര്‍ന്നിരിക്കെണ്ടതു എന്‍റെ ജോലിയായത് ,പിന്നെ പിന്നെ പലഹാരങ്ങളുണ്ടാക്കാന്‍ തുടങ്ങിയതും കടുത്തചൂടിലും പുകയടുപ്പില്‍ പതിഞ്ഞിരിക്കുന്ന ഉണ്ണിയപ്പചട്ടിയില്‍ തിളച്ചു മറിയുന്ന എണ്ണയില്‍ , ഇന്ന് പക്ഷെ ആ ദിനങ്ങളുടെ ഓര്‍മകളാകാം തിളച്ചു മറിയുന്നത് 
                   തിരുവോണദിവസം തോലുമാടന്മാര്‍ വന്നിരുന്നു അവരുടെ മുഴക്കുന്ന പാട്ടകളുടെ ശബ്ദം ..ഉണങ്ങിയ വാഴത്തണ്ടുകള്‍ ചേര്‍ത്തു വെച്ച് കെട്ടിയ രൂപം ..ആ കൂട്ടത്തില്‍ കൂടാന്‍ കൊതിച്ചു എങ്കിലും അതൊരു മോഹം മാത്രമാക്കി അമ്മ ഒതുക്കി..
                 പിന്നെ പിന്നെ റോഡില്‍ രാഗം ക്ലബിന്‍റെ ഓണാഘോഷങ്ങളായി ..ട്യൂട്ടോറിയല്‍ സാറന്മാര്‍ അനില്‍ സാറും ബിനു സാറുമൊക്കെ  ക്ലബ്‌ ഭാരവാഹികളായി നിറഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരിക്കല്‍ അത് പോലെ ആകണമെന്നതായി ഏറ്റവും വലിയ ചിന്ത.പരിപാടികള്‍ക്കൊടുവില്‍ ഓണാശംസപറയാന്‍ വരുന്ന സുന്ദരന്‍ കഷണ്ടിതലയുള്ള ആദ്യം പഞ്ചായത്തു പ്രസിഡണ്ടും പിന്നീട് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ആയ കാട്ടായിക്കോണം അരവിന്ദനും കവിതയും സാഹിത്യവുമായി എത്തുന്ന കാര്യവട്ടം ശ്രീകണ്ഠന്‍ നായരും .ഇവരെയൊക്കെ യാകും ഞാന്‍ മാവേലിയെക്കാള്‍ കൂടുതല്‍ കാത്തിരുന്നിട്ടുണ്ടാകുക
                     ഓര്‍മകള്‍ക്ക് കൂടി ദാരിദ്ര്യമാണോ എന്ന് കരുതി തുടങ്ങിയ വരികളാണ് ..പക്ഷെ ഇത് അടുത്ത വിമാനം പിടിച്ചു നാട്ടില്‍ പോകാന്‍ തോന്നുന്ന അവസ്ഥയിലായി...അങ്ങനെയങ്ങ് പോയാലോ എന്ന് പറഞ്ഞു പ്രാരാബ്ധങ്ങള്‍ ദേ ..വിളിക്കുന്നു ..അപ്പോള്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ...ഒരു ചെറിയ പുഞ്ചിരി മാത്രം...
                        പക്ഷെ ഒന്നുണ്ട് ..ഓര്‍മകളില്‍ നിലനില്‍ക്കുന്നതിലും എനിക്കിഷ്ടം ഓര്‍മകള്‍ നിര്‍മിക്കുവാനാണ്.അതിനു ഇപ്പോള്‍ ഈ എഴുത്ത് നിര്‍ത്തണം ..അടുത്ത ഫ്ലാറ്റില്‍ പോയി കണ്ണമ്പള്ളിയെ കണ്ടു സദ്യയുണ്ടാക്കാന്‍ കൂടാമോ എന്ന് ചോദിക്കണം..കലണ്ടറില്‍ ഓണം തിങ്കള്‍ ആയത് കൊണ്ട് ഞങ്ങളുടെ ഓണം വെള്ളിയാഴ്ച..അപ്പോള്‍ ഓണാശംസകള്‍ .... 

2 comments:

അനില്‍ ദീപു said...

sorry to hear that u cant see n celebrate onam at home this time as well.... but celebrate well there, onam wishes

അനില്‍കുമാര്‍ . സി. പി. said...

ഹൃദ്യമായ ഓണാശംസകള്‍.

Post a Comment