Wednesday, December 30, 2009

ശ്രീവിലാസം 05

അങ്ങനെ  2010 എത്തി ....വേള്‍ഡ്  കപ്പ്‌  ഫുട്ബാളിന്റെ  വര്‍ഷം...ഏഷ്യന്‍ ഗെയിംസ് ന്റെ  വര്‍ഷം ഇന്ത്യയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്  നടക്കുന്ന വര്‍ഷം ..കേരളത്തില്‍ നാഷണല്‍ ഗെയിംസ് ന്റെ  വര്‍ഷം . പഞ്ചായത്ത്  ഇലക്ഷന്റെ  വര്‍ഷം പെട്ടന്നോര്‍ക്കുമ്പോള്‍ ഇങ്ങനെ കുറെ കാര്യങ്ങള്‍ ഓര്‍മവരുന്നു.ഇതില്‍ ഇന്ത്യയില്‍ നടക്കുന്നവ, ശ്രീമതി ഷീല ദീക്ഷിത് സങ്കടപെടുന്നത് കേട്ടാല്‍ ബ്രിട്ടീഷുകാരും അവരുടെ കോളനികളും കൂടെ ഇവിടെ വന്നു നമ്മളെ തല്ലിയിട്ടു പോകാനുള്ള സാധ്യത യുണ്ട്.ഇന്നത്തെ വാര്‍ത്തയില്‍ ഇംഗ്ലണ്ട് പങ്കെടുക്കില്ല എന്ന്  കേട്ടു, പിന്നെ അവര്‍ വരുമെന്നും പറഞ്ഞു..പിന്നെ നാഷണല്‍ ഗെയിംസ് അത് നമ്മുടെ കുട്ടികള്‍ ആയതിനാല്‍ അവര്‍ക്ക് ഇതൊക്കെ ശീലമാണ്..അതില്‍ പുതുമ തേടേണ്ട ആവശ്യമില്ല..
   ഇങ്ങനെ ഇനിയുള്ള കാര്യം പറഞ്ഞു തുടങ്ങിയത് ചത്ത കുഞ്ഞിന്റെ ജാതകം നോക്കി വേണ്ട എന്നതിനാലാണ് ..നടന്നവയെ കുറിച്ച് ഊറ്റം കൊള്ളാതിരിക്കാന്‍ നമുക്ക് പറ്റില്ല.അങ്ങനെ ഒക്കെ കഴിഞ്ഞു എങ്കില്‍ ഈ പ്രശ്നം ഉണ്ടാകില്ലല്ലോ .അല്ലെങ്കിലും വലിയ പ്രശ്നം ഒന്നുമില്ല ..ജീവിതം അതിന്റെ അരക്ഷിതാവസ്ഥ യുടെ സൗന്ദര്യത്തില്‍ മുന്നോട്ടുപോകുന്നു ..സന്തോഷങ്ങള്‍ക്കു വേണ്ടി കാത്തിരിക്കേണ്ടി വരുന്നില്ല..അത് അതാതിന്റെ സമയത്ത് ആരോടും അനുവാദം തേടാതെ ഇങ്ങു എത്തുന്നുണ്ട്...സങ്കടങ്ങളും വേറെ രീതിയിലല്ല  വരുന്നത്  .കാശ് കൊടുത്തു സന്തോഷം വാങ്ങുന്നതിന്റെ ഗതികേടിനെ കുറിച്ച് ഞാന്‍ കൂടുതല്‍ തര്‍ക്കിച്ചിട്ടുള്ള tonu ഇപ്പോള്‍ നാട്ടിലാണ്  അപ്പന്റെ പിറന്നാളും, ക്രിസ്തുമസും, പുതുവര്‍ഷവും ആഘോഷിക്കുകയാണ്..
                   അപ്പോള്‍ ലോകം പുതുവര്‍ഷത്തിന് പരവതാനി വിരിച്ചു കാത്തിരിക്കുന്നു..നാട്ടിലെ മുന്തിയ ബാറുകളും ഹോട്ടലുകളും ..പിന്നെ ദിവസങ്ങള്‍ക്കുമുന്പേ റെക്കോര്‍ഡ്‌ ചെയ്തു വെച്ച ജീവനില്ലാത്ത ആട്ടത്തിന്റെയും  പാട്ടിന്റെയും എച്ചിലുമായി ഒരു പറ്റം ചാനലുകളും ..ഞങ്ങളും ഇവിടെ സൗദി അറേബ്യയില്‍ കേക്ക് വാങ്ങണമെന്നും ,അത് പങ്കിട്ടു തിന്ന ശേഷം ..കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് നിര്‍ത്തിയ പാട്ട് മത്സരം തുടരണമെന്നും തീരുമാനിച്ചിട്ടുണ്ട്..അശോക്‌ സ്വന്തമായി ..തന്നെ രചനയും സംഗീതവും ( അത് വലുതായി ഒന്നുമില്ല എങ്കിലും ) ആലാപനവും ഒക്കെ നിര്‍വഹിച്ചു കളയും എന്നുള്ളതുകൊണ്ട് ഹിന്ദി പാട്ടു വേണ്ട എന്ന് മെല്‍വിന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
              ശ്രീവിലാസം 05  നു വേണ്ടി കുറച്ചു കാര്യങ്ങള്‍ എഴുതി എങ്കിലും അത് ഒന്നുകൂടി വായിച്ചുനോക്കാനുള്ള ഇഷ്ടം എനിക്ക് തന്നെ തോന്നത്തതിനാല്‍ നാട്ടുകാരെ കാണിക്കാന്‍ മനസ്സുവന്നില്ല .എങ്കിലും പുതിയ കുപ്പിയിലാക്കി ഉടന്‍ കൊണ്ടുവരാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ .ഇന്നലെ യാണ് അജിത്തിന്റെ ഒരു സുഹൃത്ത് എന്റെ മുന്‍പില്‍ വന്നു പെട്ടത്..ഒരു മെയില്‍ നു മറുപടി അയച്ചതില്‍ കിട്ടിയ വിലാസം .അങ്ങനെ എന്റെ പോസ്റ്റുകള്‍ ഒരാളും കൂടി  വായിച്ചു എന്ന് കേട്ടപ്പോള്‍ ഒരു സന്തോഷം..അങ്ങനെ പുതിയ കുറെ ആള്‍ക്കാരുമായി സംസാരിക്കാന്‍ പറ്റുന്നു എന്നതാണ് ഈ കുറച്ചു ദിവസങ്ങളിലെ വിരസതക്ക് മറുപടി..ഇതെന്റെ  ഇരുപത്തി എഴാം പുതുവര്‍ഷമാണ്..പക്ഷെ ഇത് ഇങ്ങനെ നാട്ടുകാര്‍ക്ക് ഹാപ്പി ന്യൂ ഇയര്‍ പറയാനുള്ള ദിവസമാണെന്ന് മനസ്സിലാക്കിയിട്ടു വര്‍ഷങ്ങള്‍ അധികം ആയിട്ടില്ല..സ്കൂളില്‍ പഠിക്കുമ്പോള്‍ നമുക്കെന്തു ആഘോഷം ..ക്രിസ്തുമസ് അവധിക്കിടയില്‍ ദൂരദര്‍ശനില്‍ രാത്രി 10  മുതല്‍ 12  മണി മലയാളം പരിപാടി വരുന്ന വര്‍ഷത്തിലെ ഒരേ ഒരു ദിവസം..അന്ന് അതിനൊക്കെ എന്താ ഡിമാന്റ് ..അതില്‍ ഏതോ ഒരു വര്‍ഷം ഒരു പരിപാടി കണ്ടു.നാളെ ലോകം അവസാനിക്കുന്നു അതുകൊണ്ട് ഇനി എല്ലാം എല്ലാവര്‍ക്കും സൗജന്യം..ഹോട്ടലില്‍ കയറി എല്ലാരും വയറു നിറയെ കഴിക്കുന്നു..നൂറിന്റെ നോട്ടുകള്‍ വാരി വിതറുന്നു..ഭിക്ഷക്കാര്‍ ,പണക്കാര്‍ ,വൃദ്ധര്‍ ..ഓരോരുത്തര്‍ക്ക് ഓരോ വികാരങ്ങള്‍ .. അതിലെ ആശയം ഓരോ പ്രായത്തിലും ഞാന്‍ ആലോചിച്ചു ഉറപ്പിക്കാറുണ്ട്..
         ഓര്‍മയിലെ ആഘോഷങ്ങള്‍ ...പ്രീ -ഡിഗ്രി ക്ക് ആദ്യവര്‍ഷം ഒരാള്‍ എനിക്കൊരു കാര്‍ഡ്‌ തന്നു ..ജീവിതത്തിലെ ആദ്യത്തെ ന്യൂ ഇയര്‍ കാര്‍ഡ്‌..അതും നോക്കി 1999 ന്റെ കുറെ ദിവസങ്ങള്‍ ഉറങ്ങി..അതിന്റെ പ്രിയതരമായ സുഖം ...പിന്നീടു രണ്ടാം വര്‍ഷം അപ്പോള്‍ ആഘോഷം ഉഷാറായി..ഇന്നത്തെ ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍ ...അന്നത്തെ അക്കാദമി ഓഫ് ഇംഗ്ലീഷ്.അവിടെ യായിരുന്നു ആഘോഷം..അന്ന് പൊന്നി ബുക്ക്‌ സെന്റെറില്‍ ഒരു രൂപയുടെ കുറെ കാര്‍ഡുകള്‍ ..ചെറുതായിരുന്നു..എങ്കിലും അന്ന് മനസ്സില്‍ നിറഞ്ഞ സാഹിത്യമൊക്കെ ചേര്‍ത്ത്.എല്ലാ പെണ്കൊടികള്‍ക്കും കൊടുത്തു .ഞാന്‍ അജിത്‌, വിനു,സുനില്‍, മഹേന്ദ്ര ,മുനീര്‍ ..പിന്നെ   ബാക്കി   എല്ലാം പെണ്‍കുട്ടികള്‍ ..അവര്‍ക്ക് 6  കാര്‍ഡ്‌ വാങ്ങിയാല്‍ മതിയല്ലോ ..ഞങ്ങള്‍ക്ക് എല്ലാം കൂടി 60  കാര്‍ഡ്‌  വേണം  .ഒരു രൂപയുടെതിലും കുറഞ്ഞത്‌ ഇല്ലായിരുന്നു...എങ്കിലും ഇടയ്ക്കിടയ്ക്ക് സഹോദരീ എന്നും സുഹൃത്ത്‌ എന്നും ഒക്കെ ചേര്‍ത്ത വരികളില്‍ സംഗതി പൊടിപൊടിച്ചു..ഞാന്‍ ഈ പോസ്റ്റ്‌ മെയില്‍ ചെയ്യുന്നവരില്‍ അന്നത്തെ കുറച്ചു പേര്‍ എങ്കിലും കാണും അവരുടെ ഓര്‍മകളും ഈ ഡിസംബറിന്റെ അവസാന മണിക്കൂറുകളില്‍ ആവേശം നിറയ്ക്കും എന്നു കരുതുന്നു.. 
                        അതിനു ശേഷം പിന്നെ ഹൃദയം കൊണ്ട് ഇഷ്ടപെട്ട പുതുവര്‍ഷങ്ങള്‍ സംഭവിച്ചില്ല..ഒടുവില്‍ 2008  ടെക്നോ പാര്‍കില്‍ ഉണ്ടായി ഒരു ആഘോഷം ..ഫുള്‍ സ്ലീവും ടൈ യുമായി ആഘോഷം..പക്ഷെ അന്ന് ഹാന്സനും ജോസ് പോളും ആ ദിവസം അവരുടെ പേരിലാക്കി..അവരുടെ സൗദി ഡാന്‍സ്..അന്ന് ആത്മാര്‍ഥമായി ചിരിക്കാന്‍ അവര്‍ വകയുണ്ടാക്കി...രണ്ടു വര്‍ഷത്തിനു ശേഷം അവിടെ എന്താ ഇപ്പോള്‍ സംഭവിക്കുന്നതെന്ന് പോലുമറിയാനുള്ള ആഗ്രഹം ഇല്ലാതെ പോകുന്നത് വളരെ സങ്കടമായി തീരുന്നു.ഈ പോസ്റ്റ്‌ അന്നത്തെ പെരുകളിലേക്കും എത്തട്ടെ..
           2009  എല്ലാവര്‍ക്കും പോലെ സംഭവബഹുലം.എനിക്ക് മാത്രം അവകാശപെട്ട ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങള്‍ ,പ്രവാസിയായി .ആദ്യ നാടുകാണല്‍ ..ജീവിതത്തിന്റെ നിറങ്ങളില്‍ കുറെ കൂട്ടിചേര്‍ക്കലുകള്‍ ...ഒരു വീടിന്റെ പൂര്‍ണത .എണ്ണിയെടുക്കാനും  നെടുവീര്‍പ്പിടാനും ഞെളിഞ്ഞിരിക്കാനും ..കുന്നോളം ഓര്‍മ്മകള്‍ ...2010 ആദ്യ നിമിഷങ്ങള്‍ ആകാശത്ത് വെച്ച് കൂടാമെന്ന് കരുതി ഇന്നു വൈകുന്നേരം ചേര്‍ത്ത് ഒരു  ടിക്കറ്റ്‌ എടുത്തതാണ് ..പക്ഷെ ആ ആവേശതിനുമപ്പുറം സാഹചര്യങ്ങള്‍ ഇടപെട്ടപ്പോള്‍ രണ്ടാമത്തെ ന്യൂ ഇയര്‍ ഇവിടെ തന്നെ കൂടാം  എന്നു കരുതുകയായിരുന്നു .
                       ഈ അക്ഷരങ്ങള്‍ ഇതുവരെ വായിച്ചു എന്നോടൊപ്പം ഇവിടെ എത്തിയവരും വട്ടുകള്‍ എന്നു മനസ്സിലാക്കി ഇടയ്ക്കു വെച്ച് വഴിമാറി പോയവര്‍ക്കും .തുറക്കാതെ ഈ പോസ്റ്റ്‌ ഒഴിവാക്കിയവര്‍ക്കും എല്ലാവര്‍ക്കും കഴിഞ്ഞ വര്‍ഷം സംഭവിച്ചതില്‍ നിന്നും എന്തെങ്കിലും പുതുമകള്‍ പുതുവര്‍ഷത്തില്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു .സന്തോഷങ്ങളെ കുറിച്ച് വേറെ പറയേണ്ട..സങ്കടങ്ങള്‍ അത് സംഭവിക്കുക തന്നെ ചെയ്യും..അതൊന്നും നിങ്ങള്‍ എന്ന വ്യക്തിയെ തളര്‍ത്താതിരിക്കട്ടെ..അതൊക്കെ അടുത്ത ദിവസങ്ങളിലേക്കുള്ള ഊര്‍ജമായിമാറട്ടെ..
      

Wednesday, December 16, 2009

ശ്രീവിലാസം 04

മുന്‍പിലെ കണ്ണാടിയില്‍ ഒരു മൗനിയുടെ രൂപം.വാക്കുകളെക്കാള്‍ ചിന്തകള്‍ നട്ടുനനച്ചു കൊയ്യാനിഷ്ടപെടുന്നവന്‍ ..ഇതുവരെ നടന്നവയൊക്കെ ആ മനസ്സില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.ഈ ദിവസം വരെ അവനോടു ചെയ്തതും അവന്‍ ചെയ്തതും അന്നന്നത്തെ ദിവസത്തിനും മിനുട്ടിനും യോജിച്ചവ ആയിരുന്നു എന്ന് മനസിലാക്കുന്നു..നാളത്തെ നിമിഷങ്ങള്‍ ഇന്ന് വരച്ചു വെച്ചിട്ടോ ഇന്നലത്തെ വരികള്‍ ഇന്നത്തേക്ക് കുറിച്ച് വെച്ചിട്ടോ കാര്യമില്ല എന്നറിയാം. എങ്കിലും അവന്‍ അഹങ്കരിക്കുന്നു,കരയുന്നു ,തെറ്റെന്നോ വട്ടെന്നോ ലോകം കണക്കുകൂട്ടുന്നവയിലൊക്കെ അവന്റെ പ്രവര്‍ത്തികളും ചേരുന്നു .ഒടുവില്‍ മറുപടി പറയേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഒരു കൂട്ടി ചേര്‍ക്കലുകള്‍ എന്നോണം പറഞ്ഞുകൊണ്ടിരിക്കുന്നു "ഞാന്‍ ഇങ്ങനെയൊക്കെയാണ് ..ശരികള്‍ മാത്രം ചെയ്യാന്‍ ഞാന്‍ ദൈവമോന്നുമല്ല ."പക്ഷെ ഉള്ളില്‍ ഇതിന്റെയൊക്കെ ശരിതെറ്റുകള്‍ കീറി മുറിക്കപ്പെടുന്നുണ്ടെന്നും ഒടുവിലത്തെ വിധി പ്രസ്താവനയില്‍ താനും  ഒരു ശരിയായി തീരുമെന്നും അവന്‍ സ്വപ്നം കാണുന്നു .പക്ഷെ ഈ ലോകത്തില്‍ ശരിതെറ്റുകള്‍ ആപേക്ഷികമായി മാറിമറിയുന്നു .ശരിയോളമോ അതില്‍ കൂടുതലോ തെറ്റുകളും അതിനെ സാധൂകരിക്കുന്ന മനുഷ്യരും സമ്പ്രദായങ്ങളും ഇന്നു നിറയുന്നു .അതുകൊണ്ട് തന്നെ എല്ലാവരെയും എല്ലകാലത്തെക്കും സന്തോഷിപ്പിക്കമെന്നുള്ളത് വ്യാമോഹമായി മാറുന്നു..പിന്നെ കഴിയുന്നതും അവനോടുതന്നെയെങ്കിലും ശരിയായി പുലരാന്‍ ശ്രമിക്കുന്നു ..ഈ അടുത്ത ദിവസം അമൃത ചാനലില്‍ കേട്ട വാചകം .പൂര്‍വികള്‍ നമ്മളെ കര്‍മ്മം ചെയ്യാന്‍ പഠിപ്പിച്ചു , ഇന്നു ലോകം ഫലത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു..ഈ അന്തരത്തില്‍ അര്‍ഥങ്ങള്‍ ഒരുപാടുണ്ട് ..അതിനോടു അവനും ചേരുന്നു.. this is not an action oriented world.this is only result oriented.എന്നു കരുതി അങ്ങനെ ജീവിക്കാനിഷ്ടമുണ്ടായിട്ടല്ല .എങ്കിലും മനസിലാക്കുന്നു,ഒരു സമ്പ്രദായത്തിന്റെ മാറ്റം അതില്‍ ജീവിച്ചുകൊണ്ട് മാത്രമേ സാധിക്കൂ ..അല്ലേല്‍ കുറെ വേദനകള്‍ മാത്രമാകും മിച്ചം.        
                          1983 മാര്‍ച്ച്‌ 7 ,(കൊല്ലവര്‍ഷം കുംഭമാസം 23 ) അന്നൊരു തിങ്കളാഴ്ച.ആ തിങ്കളാഴ്ചയും ഒരു നല്ല ദിവസമായിരുന്നു..അന്ന് ഈ ലോകത്തില്‍ സംഭവിച്ച ഒരു ജനനം അവന്റെതാണ് .ആ നിമിഷത്തെയാകണം അവന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടെണ്ടത് .സര്‍വാംഗങ്ങളും സര്‍വ ഇന്ദ്രിയങ്ങളും അനുവദിക്കപെട്ടു ഈ ഭൂമിയില്‍ എത്തിചേര്‍ന്ന നിമിഷം . അമ്മ കാത്തുകാത്തു വെച്ച മുഖം ..ആദ്യത്തെ മകന്‍ .പലമനസ്സുകളിലും അത് സന്തോഷം നിറച്ചു.കുംഭ മാസത്തിലെ മൂലം നക്ഷത്രം ,കുടുംബത്തിലെ കൂടുതല്‍ പേരും ഒരുപക്ഷെ അലങ്കരിക്കുന്നത് ഈ നക്ഷത്രമാകും.അങ്ങനെ തിങ്കള്‍ കഴിഞ്ഞു ,ചൊവ്വയും ബുധനും ഒക്കെ ആദ്യമായി അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്നു ..ഏഴ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതേ ദിവസങ്ങള്‍ പുതിയ അനുഭവങ്ങളുമായി വീണ്ടും കണ്ടു ..ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നു .അതിനിടയില്‍ അവന്‍ ഇഴഞ്ഞു, നടന്നു ..ഓടി..ഇന്നും ഓടുന്നു..ഇനി വീണ്ടും നടത്തത്തിലേക്കും ഇഴയലിലേക്കും എത്തിച്ചേരുന്നതും കാത്തിരിക്കുന്നു.
ഇനി അവനില്‍ നിന്നും എന്നിലേക്ക്‌ ..             
                 ഓര്‍മകളില്‍ വര്‍ണം കുറഞ്ഞ കുറെ കാഴ്ചകള്‍ ..ഒന്നര വയസ്സുള്ളപ്പോള്‍ ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോയ അപ്പൂപ്പനെ കുറിച്ച് എനിക്കും ചില ഓര്‍മകളുണ്ടെന്നു പറഞ്ഞപ്പോള്‍ ഒരിക്കല്‍ അമ്മ അനുവദിച്ചു തന്നില്ല .പിന്നെ ഒരിക്കല്‍ കൂടി അതിനെ പറ്റിപറഞ്ഞപ്പോള്‍  മൗനമായിരുന്നു അമ്മക്ക് .പക്ഷേ എന്റെ വീട്ടില്‍ ഞാനും അമ്മയും അച്ഛനും മാത്രമുള്ള ഓര്‍മ്മകള്‍ ഇല്ല ..എല്ലാ ചിത്രത്തിലും ഓരോ രൂപങ്ങളില്‍ ശ്രീ ശ്രീജിത്ത്‌  കൂടെയുണ്ട്..എന്റെ പേരിനോട് പണ്ടും ഇന്നും എനിക്ക് വലിയ മമതയില്ല ..എനിക്ക് പകരം ഒരു പെണ്കുഞ്ഞയിരുന്നു എങ്കില്‍ എന്തു പെരിടുമെന്നുള്ളതിനു അമ്മയുടെ ഉത്തരം കേട്ടപ്പോള്‍ ആണ് അല്പമെങ്കിലും ആശ്വാസം .പക്ഷെ ശ്രീജിത്തിനു ആ പേര് തോന്നിച്ച അമ്മയോട് അല്‍പ്പം നീരസം ഇല്ലാതെയും ഇല്ല .ഒരു വെളുപ്പാന്‍ കാലത്ത് അമ്മൂമ്മയോടൊപ്പം ഉണര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ സൈക്കിളില്‍ എത്തിയ അച്ഛനെ എനിക്കോര്‍മയുണ്ട് .മുന്‍വശത്തെ ജനലിന്റെ തടിയില്‍ പിടിച്ചു സൈക്കിളില്‍ നിന്നിറങ്ങാതെ നില്‍ക്കുന്നു അച്ഛന്‍ .പ്രസവിച്ചു ..ആണ്കുഞ്ഞു .അന്ന് ഈ വാക്കുകള്‍ കേട്ട ഓര്‍മ യുണ്ടെങ്കിലും അനുജന്‍ എന്ന ഭാവമൊന്നുമില്ല .പിന്നെ ഇടക്കിടക്കുള്ള ഓര്‍മ അമ്മ പ്രസവം കഴിഞ്ഞു അമ്മൂമ്മയുടെ വീട്ടിലയിരുന്നപ്പോളാണ്.അവിടുത്തെ ചാണകം മെഴുകിയ തറയും ചുവരും ഇരുട്ടുവീണ മുറികളും ആകെ കറുപ്പുമയം.ചാണകം മെഴുകിയതിന്റെ കാര്യം,എന്റെ വീടിന്റെ മൂന്നു മുറികള്‍ ഒഴികെയും ചാണകം മെഴുകിയിരുന്നു ..ഇഴഞ്ഞും നടന്നും പോകുന്ന വഴിയില്‍ നിന്നും പെറുക്കിയ ഉണങ്ങിയ ചാണക പൊളികള്‍ എന്റെ ആരോഗ്യത്തില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും അമ്മ ഓര്‍ക്കുന്നു .ഇന്നു പുതിയ വീട്ടിലേക്കു ഗ്രനൈറ്റിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ചാണക വറളിയും മനസ്സില്‍ വരുന്നതില്‍ ഒരു രസം കൂടുതലുണ്ട്..
                                 അങ്ങനെ ചുരുണ്ട് പിരണ്ടു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന ഓര്‍മമരത്തിലാണ് മനസ്സ്.എത്താന്‍ ഉള്ള ദൂരത്തിനെക്കാളും  നടന്ന വഴികളാണ് പ്രിയം .അതിലെന്തോ അപകടം പതിയിരിക്കുന്നതായി  പേടിയുമുണ്ട് .എന്തിനെന്നറിയാതെ പേടിക്കുകയാണ് ജീവിതത്തിന്റെ മര്‍മഭാഗവും..ഒരുപക്ഷെ അത് തന്നെയാവാം അതിന്റെ സൗന്ദര്യം എന്നു തോന്നുന്നു.ഓടിയൊളിക്കാന്‍ സ്ഥിരം സങ്കേതങ്ങളെ തേടുകയാണ് ഞാന്‍ ഇപ്പോള്‍ .എങ്കിലും ഈ പേടിയാണ് എന്നെ ഉറക്കത്തില്‍ നിന്നുമുണര്‍ത്തുന്നത് .പേടിയോടെ ചെയ്യുന്നതുകൊണ്ടാകണം ചിലത് വിജയിക്കുമ്പോള്‍ അമിതമായി സന്തോഷിക്കുന്നത്..എന്തായാലും എന്നത്തേയും പോലെ ഇന്നും അസ്തമിച്ചു ..നാളെ വീണ്ടും ഉണരും ..അത്രയും ഉറപ്പില്‍ ഉറങ്ങാം..ശുഭരാത്രി ...

Monday, December 14, 2009

ശ്രീവിലാസം 03

എന്റെ അനുജന്‍ ശ്രീജിത്ത്‌ തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്റെ  നാട്ടുകാരനും അനുജനും ഒക്കെയാണ് ശ്രീ അനില്‍കുമാര്‍ .അവന്‍ എന്റെ പോസ്റ്റുകള്‍ക്ക്‌ അയച്ച കമന്റുകള്‍ കണ്ടിട്ട് ശ്രീജിത്തിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ അവന്റെ കമന്റ്‌  " അങ്ങേര്‍ക്കു വേറെ പണി ഒന്നുമില്ല ,രാവിലെ ഒരു ടെമ്പോയുടെ ലാഡറില്‍ അങ്ങോട്ട്‌ ...തിരിച്ചു അതെ ടെമ്പോയുടെ   അതേ ലാഡറില്‍ ഇങ്ങോട്ട്. അവന്റെ മറുപടിയുടെ താളം എനിക്ക് ഇഷ്ടമായി. എങ്കിലും ഞാന്‍ കൂടുതല്‍ ആലോചിച്ചത് മറ്റൊന്നാണ് ..ഞങ്ങളുടെ യാത്രകള്‍ ..മുന്‍പ് ആലോചിച്ചു വെച്ചത് ആണെങ്കിലും ഇപ്പോള്‍ ഇങ്ങനെ കിട്ടിയ ചിന്ത അതിനെ കുറിച്ച് കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടപെടുത്തുന്നു
     ചന്തവിളക്കാര്‍ക്ക്   യാത്ര എന്നും ഒരു വിഷയമാണ് . യാത്രകള്‍  കൂടുതലും തിരുവനന്തപുരത്തേക്ക് ..ഉദ്ദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഭൂരിഭാഗം പേരും  കിഴക്കേകോട്ട തമ്പാനൂര്‍ ഭാഗത്തേക്കാണ് യാത്ര ചന്തവിളയുടെ  രണ്ടറ്റങ്ങള്‍ ഒന്ന് പോത്തന്‍കോട്  പിന്നൊന്ന് കഴക്കൂട്ടം ..ഇതിനു ഇടയ്ക്ക് ഏകദേശം ഒരേ ദൂരത്തില്‍ ഉള്ള ജംഗ്ഷനുകള്‍ കാട്ടായിക്കോണവും വെട്ടുറോഡും..ഇതില്‍ തിരുവനന്തപുരത്തേക്ക്  ഈ രണ്ടു വഴിയും പോകാമെങ്കിലും യാത്രകള്‍ കൂടുതലും വെട്ടു റോഡു -കഴക്കൂട്ടം വഴിയാണ് .ഞാന്‍ കേട്ട വര്‍ത്തമാനങ്ങ ളില്‍ എന്റെ ഓര്‍മകളില്‍  ഞങ്ങളുടെ ഭാഗത്തേക്കുള്ള ആദ്യ ബസുകളില്‍ ഒന്നു കാട്ടായിക്കോണം ബസ് ആണ് .തിരുവനന്തപുരത്ത് നിന്ന്  ദിവസവും മൂന്നോ നാലോ തവണ അത് ചന്തവിള വഴി കാട്ടായിക്കോണത്തു എത്തും.രാത്രി 10 .30  നു ചന്തവിള വഴി  പോകുന്ന ബസ് കാട്ടായിക്കോണത്തു എത്തി അവിടെ അത്താഴമുണ്ട് ഉറങ്ങുന്നു ,പുലര്‍ച്ചെ ആറു മണിക്ക് അവിടെ നിന്നും തിരികെ തിരുവനന്തപുരത്തേക്ക്.പിന്നീടെപ്പോഴോ അത് പോത്തന്‍കോട്ടേക്ക് വലിച്ചു നീട്ടി   .മുന്‍പും അതാണ് പ്രധാന കേന്ദ്രം എങ്കിലും ബസ് കാട്ടായിക്കോണം എത്തി നിര്‍ത്തിയതിന്റെ സംഗത്യം ആരും എനിക്ക് പറഞ്ഞു തന്നിട്ടില്ല .പിന്നീട് കണിയാപുരം ഡിപ്പോ തുറന്നപ്പോള്‍ ബസ് അവിടെ നിന്നാക്കി.വഴിയിലുള്ള ബസിന്റെ ഉറക്കവും തീര്‍ന്നു .ഇപ്പോഴും കാട്ടായിക്കോണം ബസ് എന്നത് ഒരു നോസ്ടാള്ജിയ ആയി മാറുന്നു .
          ആകെ മൂന്നു ബസുകള്‍ ആണ് ഞങ്ങള്‍ക്കുണ്ടായിരുന്നത് .കാട്ടായിക്കോണം ബസിനു പുറമേ വിഴിഞ്ഞം ഡിപ്പോയില്‍ നിന്നും ,കിഴക്കേക്കോട്ട ഡിപ്പോയില്‍ നിന്നും ഓരോ ബസുകള്‍ .ഇതില്‍ വിഴിഞ്ഞം ബസിനു ആയിരുന്നു സമയനിഷ്ഠ കൂടുതല്‍ ...അഞ്ചാം ക്ലാസ്സ്‌ മുതല്‍ പഠനം കണിയാപുരം മുസ്ലിം ബോയ്സ് സ്കൂളില്‍ ..ചന്തവിള മുതല്‍ വെട്ടുറോഡ്‌ വരെ യാത്ര ഈ ബസില്‍ ..അവിടെ നിന്നും സ്കൂള്‍ വരെ ചെറിയ ദൂരം നടത്തം.വെട്ടുറോഡ് കടന്നു പോകുന്ന നാഷണല്‍ ഹൈവേ 47  മുറിച്ചു കടക്കുയായിരുന്നു അന്നത്തെ പ്രധാന കടമ്പ..അങ്ങനെ രാവിലെ എട്ടേ മുക്കാലിന് വിഴിഞ്ഞം ബസിലായിരുന്നു എന്റെ യാത്ര ..രാവിലെ കുളിക്കാന്‍ എണ്ണയും തേച്ചു    തോര്‍ത്തും ചുറ്റി കിണറ്റുകരയില്‍ നില്‍ക്കുമ്പോള്‍ ഈ ബസ്‌  പോത്തന്‍കോട്ടേക്ക് പോകുന്നു എന്നുറപ്പ് വരുത്തുന്നതു എന്റെ ശീലമായിരുന്നു.അന്നത്തെ മിനിമം ചാര്‍ജ് 80 പൈസയും പിന്നെ 1  രൂപയും . .സാമാന്യം പൊക്കമുള്ള ഞാന്‍ വളരെദിവസം പൊക്കം കുറയാന്‍ ശ്രമിച്ചു 80  പൈസ ടിക്കറ്റ്‌ നേടിയത് ഇന്ന് ഓര്‍ത്തു ചിരിക്കാന്‍ വേണ്ടിയായിരുന്നു എന്ന് തോന്നുന്നു .ഒടുവില്‍ കണ്‍സെഷന്‍ ടിക്കറ്റിന്റെ  ആളായപ്പോള്‍ കുറച്ചു അഹങ്കാരിയുമായി..ങ്ങും .....
     പിന്നെ കഥയില്‍ സിറ്റി ബസ്..രണ്ടു ചുവപ്പിനിടയില്‍ മഞ്ഞയും ചുവപ്പുമായി ഒരു സുന്ദരി..രണ്ടു വാതിലുമായി..ഇതിലെ യാത്ര വൈകുന്നേരമാണ് ..4  മണിക്ക് വരേണ്ട ബസ് മിക്കവാറും ഞങ്ങളെ പറ്റിക്കും .ബോയ്സ് സ്കൂള്‍ വൈകുന്നേരം 3  30 നും ഗേള്‍സ്‌ 4  മണിക്കും കഴിയും.3  30 നു വെട്ടുറോഡില്‍  എത്തുന്ന ഞങ്ങളോടൊപ്പം സ്ഥലത്തെ ഇംഗ്ലീഷ് മീഡിയം കൂട്ടുകാര്‍ അല്‍-ഉദുമന്‍ കാരുമുണ്ടാകാറുണ്ട് .വല്ലപ്പോഴും വരുന്ന ഈ ബസിനെ ഒഴിവാക്കി വരുന്ന സൈക്കിളുകളില്‍ ലിഫ്റ്റ്‌ ചോദിക്കുകയോ സ്വയം ' നടരാജന്‍ ' ബസില്‍ കയറി വീട്ടിലെ ത്തുകയോ ആയിരുന്നു പതിവ്.
        മൂന്നു ബസുകളില്‍ തുടങ്ങിയ ഇടപെടല്‍ ഇന്ന് എണ്ണത്തില്‍   കൂടി എങ്കിലും അന്നും ഇന്നും ചന്തവിളക്കാര്‍ക്ക് പ്രിയം സമാന്തര സര്‍വീസ് എന്ന ഔദ്യോഗിക നാമത്തില്‍ അറിയപെടുന്ന ട്രക്കര്‍ ,ചലഞ്ചര്‍ ,ടെമ്പോ തുടങ്ങിയവയോടാണ് ..ട്രക്കര്‍ ആയിരുന്നു പണ്ട് ..വിവിധ പേരുകളില്‍ ട്രക്കറുകള്‍ ..N R T  ..എന്ന ട്രക്കര്‍ വളരെ സുന്ദരിയായിരുന്നു..ക്ഷമിക്കുക സുന്ദരന്‍ മാരെ ഒന്നും എനിക്കത്ര പരിചയം പോര ..പിന്നീട് ട്രക്കര്‍ ചലഞ്ചര്‍ എന്ന വര്‍ഗത്തിന് വഴി മാറി..അന്നത്തെ ഞങ്ങള്‍ സ്കൂള്‍ പിള്ളാരുടെ  ആണത്തത്തിന്റെ പ്രതീകവും വീട്ടിലെ അമ്മമാരുടെ നെഞ്ചിടിപ്പിന്റെ പ്രതീകവും ഇതില്‍ തൂങ്ങി നിന്നുള്ള യാത്രകള്‍ ആയിരുന്നു .ട്രക്കറില്‍ പുറകില്‍ മാത്രം നില്‍ക്കാമെങ്കില്‍ ചലഞ്ചര്‍ രണ്ടു വശമുള്‍പ്പെടെ മൂന്നു ഭാഗത്ത്‌ നില്ക്കാന്‍ കഴിയുന്നതായിരുന്നു .ഇതിലൊക്കെ കുട്ടികളെ രണ്ടാമത്തെ വരിയില്‍ സീറ്റിനിടയില്‍ നിര്‍ത്തുന്ന രീതി ഉണ്ടായിരുന്നു .കുറച്ചു വലുതായപ്പോഴും അമ്മയോടൊപ്പമാണ് യാത്ര എങ്കില്‍ ഇതുപോലെ കയറി ഒടിഞ്ഞു നില്‍ക്കണമായിരുന്നു ..ആ പ്രവര്‍ത്തി ഞങ്ങളുടെ അഭിമാനത്തിന് വളരെ വലിയ ക്ഷതമുണ്ടാക്കിയിരുന്നു..ഇന്ന് ആ ഓര്‍മ അല്‍പ്പം കുളിരും ഉണ്ടാക്കുന്നു.. നിറയെ ചലഞ്ചര്‍ - കള്‍ ചാര നിറം ,നീലനിറം ,വെള്ള നിറം ..പേരുകളുടെ ധാരാളിത്തമാണോ എന്നറിയല്ല തിരുവോണം ,ശ്രീവിനായക..തുടങ്ങിയ ചില പേരുകള്‍ മാത്രം ഓര്‍മയില്‍ നില്‍ക്കുന്നു..ഇത്തവണ നാട്ടില്‍ എത്തിയപ്പോള്‍ ടെമ്പോകള്‍ ആയിരുന്നു കളം നിറയെ .അതിലേതോ ഒരു ഏണിയില്‍ ആകണം അനില്‍കുമാര്‍ തൂങ്ങിയത്‌ ..അതാകണം ശ്രീജിത്ത്‌ ഏറ്റു പറഞ്ഞത് ..അവന്‍ വലിയ ബൈക്കുകാരന്‍ എന്നാവും അനില്‍ ...ഇങ്ങനെ മണ്ണില്‍ തൊട്ടുനിന്നുള്ള യാത്രകളാണ് അനിലിന്റെ ജീവിതത്തെ കാഴ്ചകളുടെ വസന്തമാക്കുന്നത് ..ഈ പറയുന്നതിലും ഏറെ അവനു പറയാന്‍ ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നതും അതുകൊണ്ട് തന്നെയാണ്..ലാബിലെത്തുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ നല്ലപോലെ പ്രവര്‍ത്തിക്കുകയും അവ അക്ഷരങ്ങള്‍ ആയി ബ്ലോഗ്‌ പേജുകളില്‍ നിറയുകയും ചെയ്യട്ടെ ..നമുക്കും പ്രാര്‍ത്ഥിക്കാം ..
                പലപ്പോഴും നാട്ടില്‍ ഉയര്‍ന്നിട്ടുള്ള പ്രശ്നം സമാന്തര സര്‍വീസുകളുടെ ആധിക്യം .കൂടുതല്‍ ബസുകള്‍ വരണം എന്ന് പറയുമ്പോഴും എന്റെ ചിന്ത വെച്ച് ചന്തവിളക്കാര്‍ക്ക് പഥ്യം ട്രക്കറും ടെമ്പോയും ഒക്കെയാണ്..ഒരാവശ്യത്തിന് കയറി നിന്നാല്‍ ഇതൊക്കെയേ ഉള്ളൂ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ..പലഗ്രാമങ്ങളിലും അവിടുത്തെ സമയം ബസുകള്‍ നിയന്ത്രിച്ചപ്പോള്‍ ഞങ്ങളുടെ സമയം ഞങ്ങള്‍ തീരുമാനിച്ചിരുന്നു ,അതിനനുസരിച്ച് ട്രക്കറുകള്‍ ഓടി .ബസ് ബസിന്റെ വഴിക്കും ഓടി..ഇപ്പോള്‍ അവസ്ഥ ഒക്കെ മാറി..എണ്ണിയെടുക്കാവുന്നതിലും അധികം മാറ്റങ്ങള്‍ വന്നു..അതിനുമപ്പുറം അകല്‍ച്ച എന്റെ സാഹചര്യങ്ങള്‍ എന്നിലും ഉണ്ടാക്കി.
            ഒരു സുന്ദരമായ ഓര്‍മ ..ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ..അന്ന് വിഴിഞ്ഞം ബസ് ഒക്കെ ഒഴിവായി ..ഒന്‍പതു മണിക്ക് സിറ്റി ബസ് ഉണ്ടായിരുന്നത് എട്ടു മണിക്കു തന്നെ കിഴക്കേ കോട്ടയ്ക്കു പോകുന്നു..ഞങ്ങള്‍ അനാഥര്‍ .8 മണിക്ക് നേരെ പോങ്ങുമൂട് സ്കൂളില്‍ പോകാന്‍ കഴിയുന്നതില്‍ എന്റെ അനുജന്‍ സന്തോഷിച്ച സമയം.ഞങ്ങള്‍ ഒരു പരാതി എഴുതുന്നു ..ഞാനും ഷംസുദീനും ഷംനാദും ഒക്കെ ചന്തവിള ക്കാരുടെ ഒപ്പുകള്‍ തേടി പതിപ്പിച്ചു ,ഞങ്ങളുടെ നാട്ടുകാരന്‍ കൂടി ആയ ഹെഡ് മാസ്റര്‍ ശ്രീ പങ്കജാക്ഷന്‍ സാറിനു കൊടുത്തു..അത് അന്നത്തെ എം എല്‍ എ ശ്രീ കടകം പള്ളി സുരേന്ദ്രന്  കൊടുക്കുകയും 8  മണി ബസ് കഴക്കൂട്ടം നിര്‍ത്തി ഞങ്ങളെ കൊണ്ട് പോകാന്‍ വരുകയും ചെയ്തു . പക്ഷെ ആ സംഭവത്തിലെ ആവേശം വേറൊന്നാണ്‌ ..ഒരു ഒപ്പ് തേടി സര്‍ക്കാര്‍ ഉദ്ദ്യോഗസ്തനായ ഞങ്ങളുടെ നാട്ടുകാരന്റെ അടുത്തെത്തുമ്പോള്‍ മറുപടി "ഞങ്ങള്‍ വിചാരിച്ചിട്ട് നടന്നില്ല പിന്നെയാ.."പുള്ളി ഒരു കോണ്‍ഗ്രസ്‌ കാരന്‍ കൂടി ആയിരുന്നു ..പക്ഷെ ഒപ്പ് അദ്ദേഹം തന്നു  ..ഒടുവില്‍ ബസ് വരുകയും അദ്ദേഹം ഉള്പെടെയുള്ളവര്‍ അതില്‍ കയറുകയും ചെയ്തപ്പോള്‍ കമ്മ്യൂണിസ്റ്റു ആരാധകന്‍ ആയതുകൊണ്ടാകാം എനിക്ക് സന്തോഷം അല്‍പ്പം കൂടുതല്‍ ആയിരുന്നു..
       ഏതാണ്ട് ഈ സമയത്ത് ആണ് പച്ച ഉടുപ്പുമായി സിറ്റി ഫാസ്റ്റ് എത്തുന്നത്‌ ..കണ്‍സെഷന്‍ അനുവദിക്കാതെ ആ ബസ് ഞങ്ങളെ നോക്കി അഹങ്കാരത്തോടെ പോയി..അന്ന് അതില്‍ കയറിയ കൂട്ടുകാരെയും അല്‍പ്പം ഗൗരവത്തോടെ നോക്കാനാണ് തോന്നിയത്.ഈ സിറ്റി ഫാസ്റ്റ് തന്നതും ശ്രീ കടകം പള്ളി ആയിരുന്നു ..മുന്‍പത്തെ മന്ത്രിസഭയില്‍ ശ്രീ ബാലകൃഷ്ണപിള്ള പൂട്ടി കൊണ്ട് പോയ വികാസ് ഭവന്‍ ഡിപ്പോയുടെ താക്കോല്‍ ഇടതു സര്‍ക്കാര്‍ തപ്പിയെടുത്തു കൊണ്ട് വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സിറ്റി ഫാസ്റ്റ് കിട്ടി..അന്നത്തെ ഗതാഗതം ശ്രീ നീലലോഹിത ദാസ് കീഴില്‍ ആയിരുന്നു ..എന്തായാലും അന്ന് ചര്‍ച്ചകളില്‍ സിറ്റി ഫാസ്റ്റ് ഞാന്‍ കുറെ ആഘോഷിച്ചു..
               ബസിന്റെ കഥകളില്‍ ഇന്നത്തെ രാത്രി യാത്രപോകുന്നു.ഇന്നലെ ഇവിടെ കിട്ടിയ കലാകൗമുദിയില്‍ അക്ഷര ജാലകം എന്ന പംക്തിയില്‍ ശ്രീ എം കെ ഹരികുമാര്‍ ഗൃഹാതുരത്വം കേട്ട് അദ്ദേഹം മടുത്തുവെന്നും അതെഴുതുന്നവര്‍ എന്തോ പാപം ചെയ്യുന്നവര്‍ ആണെന്നും പറഞ്ഞു കണ്ടു.ഈ മുകളില്‍ എഴുതി നിര്‍ത്തിയതിന്റെ അത്രയും നേരം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ ഓര്‍മകളുടെ സുഖം,അത്രയെങ്കിലും ഈ പ്രവാസ ജീവിതത്തില്‍ അനുവദിച്ചു തരാന്‍ മനസ്സുണ്ടാകണമെന്നു  ആ വലിയവരോട് അപേക്ഷിക്കുന്നു..  ശുഭരാത്രി ..

Saturday, December 5, 2009

ശ്രീവിലാസം 02

ചന്തവിളയുടെ അയല്‍ പക്കങ്ങളിലേക്ക് സ്വാഗതം ..
ആദ്യമെഴുതിയ വാക്കുകളിലെ വിപ്ലവം അവസാനിച്ചിട്ടില്ല.കമന്റുകള്‍ എഴുതി നിറക്കുമെന്ന്  പറഞ്ഞു എന്നെ കൊതിപ്പിച്ചവരുടെ വാക്കുകള്‍ മാത്രം ഇവിടെയൊക്കെ നിറഞ്ഞു നില്‍ക്കുന്നു..ആരും ഒന്നും എഴുതി കണ്ടില്ല.അലസമായ ആത്മകഥ എന്ന് പറഞ്ഞു ഫമീദ് പോയി..നമുക്ക് അടുത്ത വരികളിലേക്ക് പോകാം..
      മേല്‍ വിലാസത്തിന്റെ വരികളില്‍ കണ്ട പേരുകളില്‍ കഴക്കൂട്ടത്തിനൊപ്പം കാട്ടായിക്കോണവും  ഒരു പക്ഷെ പുറം ലോകം കേട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു .ജില്ലയിലെ ഏറ്റവും മര്‍മപ്രധാനമായ സ്ഥലം കഴക്കൂട്ടം എന്ന് ഞാന്‍ കരുതുന്നു..കിഴക്കേകോട്ട ,തമ്പാനൂര്‍ ഇവ ഭരണകേന്ദ്രങ്ങള്‍ കൊണ്ട്  പ്രധാനമാകുന്നു എങ്കില്‍ വിദ്യാഭാസസ്ഥാപങ്ങള്‍ ,സാങ്കേതിക വിഷയങ്ങളിലെ കേന്ദ്രങ്ങള്‍ ,ടെക്നോപാര്‍ക്ക് ഇങ്ങനെ യുള്ളവയുടെ കേന്ദ്രമാണ് കഴക്കൂട്ടം .വി എസ് .എസ് .സി ,കാര്യവട്ടം ക്യാമ്പസ്,രാജീവ്ഗാന്ധി സെന്റര് ഫോര്‍ ബയോ ടെക്നോളജി,രണ്ടു എഞ്ചിനീയറിംഗ് കോളേജുകള്‍ ,രണ്ടു ആര്‍ട്സ് ആന്‍ഡ്‌  സയന്‍സ്  കോളേജുകള്‍  ,ലക്ഷീഭായി നാഷണല്‍ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കെഷന്‍ ( L N C P E) ,ഇങ്ങനെ കഴക്കൂട്ടത്ത് നിന്നും യാത്ര തുടങ്ങേണ്ട വഴികള്‍ ഒരുപാടാണു.തിരുവനന്തപുരത്തെ വിദ്യാഭ്യാസ തലസ്ഥാനമായി അങ്ങനെ കഴക്കൂട്ടം മാറുന്നു..കേരളത്തിലെ ഏക സൈനിക് സ്കൂള്‍ ചന്തവിളയില്‍ സ്ഥിതി ചെയ്യുന്നു അതിന്റെയും അഡ്രസ്‌ കഴക്കൂട്ടം തന്നെയാണ് .പിന്നെ പള്ളിപ്പുറം സി ആര്‍ പി എഫ് .ക്യാമ്പ്‌ അതിനോട് ചേര്‍ന്നുള്ള സ്ഥാപനങ്ങള്‍ ഇവയും കഴക്കൂട്ടത്തിന്റെ പ്രാധാന്യം കൂട്ടുന്നു..ഇങ്ങനെയൊക്കെ ചുറ്റുപാടുകളില്‍ ഗാംഭീര്യം നിറയുമെങ്കിലും രണ്ടു ആല്‍മരങ്ങള്‍ തീര്‍ക്കുന്ന തണലില്‍ ,ഭക്തി നിറക്കുന്ന അമ്പലങ്ങളില്‍ കഴക്കൂട്ടം അതിന്റെ ഗ്രാമീണത നിലനിര്‍ത്തുന്നു .
      കാട്ടായിക്കോണം ,പിന്നെ പത്രതാളുകളില്‍ കണ്ടേക്കാവുന്ന പേര്..സഖാക്കള്‍ക്ക് ഇവിടം കണ്ണൂരാണ്.പിറന്നു വീഴുന്നവര്‍ എല്ലാം സഖാക്കള്‍ എന്ന് അറിയപെടുന്നതാണ് കൂടുതല്‍ ചേരുക.ചരിത്രം അങ്ങനെ ആഘോഷിക്കാനാവും കൂടുതല്‍  ഇഷ്ടപെടുക.അന്തരിച്ച സഖാക്കള്‍ കാട്ടായിക്കോണം വി ശ്രീധര്‍ ,കാട്ടായിക്കോണം സദാനന്ദന്‍ ഇവരൊക്കെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ  രണ്ടു രൂപങ്ങളിലെ  ഉന്നതരായിരുന്നു .എന്റെ ഓര്‍മയിലെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കാട്ടായിക്കോണം ജി അരവിന്ദന്‍ ..അദ്ദേഹവും കാട്ടായിക്കോണം ദേശത്തിന്റെ കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യത്തിനു മാറ്റ് കൂട്ടുന്നവരാണ്.എന്നാല്‍ കാട്ടയിക്കോണത്തു സഖാക്കള്‍ മാത്രമേ ഉള്ളൂ എന്ന് ഈ പറഞ്ഞതിനു അര്‍ത്ഥമില്ല..നമുക്ക് ഇനിയും ഈ വഴികളിലൂടെ വരാം ഒത്തിരി കഥകള്‍ ഈ വഴികളിലൂടെ ഞാന്‍ അറിഞ്ഞിട്ടുണ്ട്..
     ചന്തവിളയുടെ മറ്റൊരു പ്രധാന അയല്‍ക്കാര്‍ അണ്ടൂര്‍ക്കോണമാണ്.ഈ സ്ഥല പേരിന്റെയും അര്‍ഥം എനിക്ക് നിശ്ചയമില്ല .ഒരു പക്ഷെ ഇനി ഞാന്‍ ഇതിന്റെ ഒക്കെ അര്‍ഥം തേടി പോയേക്കാം ..എന്നില്‍ വളരെ ഗൃഹാതുരത്തം നിറക്കുന്ന ഒരിടമാണിത് .ചന്തവിളയിലെക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍  ഇവിടെയാണ്‌ .അതുകൊണ്ടാകണം  സമ്മിശ്രമായ കാഴ്ചകളാണ് ഇവിടെ .ഇവരുടെ ഐക്യം അത് വളരെ മഹത്തായ അനുഭവമാണ്..ഇതിലൂടെയും നമുക്ക് ഒത്തിരി യാത്രകള്‍ നടത്താം ..ഓരോ ദിക്കിലും എന്നെയും കാത്തു എന്റെ ഓര്‍മ്മകള്‍ നില്‍ക്കുന്നു ..അവയെ ഒക്കെ ചേര്‍ത്ത് വെച്ച് ഞാന്‍ എന്റെ സമ്പാദ്യം കൂട്ടികെട്ടുന്നു ..ഈ സ്ഥലത്തെ ചരിത്രമൊന്നും എന്റെ കയ്യില്‍ നില്‍ക്കില്ല.ഇത് എഴുതി തുടങ്ങുംവരെ ഞാന്‍ ആ ചരിത്രത്തെ കുറിച്ച് ആലോചിട്ടുമില്ല  . .പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ ഈ വഴികളിലൂടെ പോയിട്ടുണ്ട് .അവയെ എങ്ങനെ ഒരു പുതു വായനക്ക് സുഖപ്രദമാക്കാം  എന്നാണ് ഇപ്പോള്‍ എന്റെ ചിന്ത .  
       സ്ഥല നാമങ്ങളുടെ സൗന്ദര്യമാണ് എന്നെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വസ്തുത .ചന്തവിളയുടെ പ്രധാന കേന്ദ്രങ്ങള്‍ നോക്കൂ സൈനിക് സ്കൂള്‍ ജംഗ്ഷന്‍  .അഥവാ താഴെ ചന്തവിള ,മാവിന്മൂട് ,മണ്ണെടുത്ത കുഴി മുക്ക് ,മേലെ ചന്തവിള ,നരിക്കല്‍ ,മങ്ങാട്ടുകോണം,ഉതിയറമൂല,പാട്ടുവിളാകം,പാറക്കല്‍ ,കൊച്ചാമക്കുഴി,കൊക്കോട്ടുകോണം തീരുന്നില്ല .തനതു മലയാളത്തിന്റെ പദങ്ങള്‍ ..ഇവയൊക്കെയാണ് ഈ മരുഭൂമിയില്‍ ഇന്നെന്നെ സന്തോഷിപ്പിക്കുന്ന ഓര്‍മ്മകള്‍ ....യാത്രകള്‍ തുടരാം..

ഒരു പക്ഷെ അനിലിനു  ഇതില്‍ കൂട്ടി ചേര്‍ക്കലുകള്‍ ഉണ്ടാകും ..നമുക്ക് അവന്റെ കമന്റുകള്‍ക്കും കാത്തിരിക്കാം