Monday, December 14, 2009

ശ്രീവിലാസം 03

എന്റെ അനുജന്‍ ശ്രീജിത്ത്‌ തിരുവനന്തപുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്റെ  നാട്ടുകാരനും അനുജനും ഒക്കെയാണ് ശ്രീ അനില്‍കുമാര്‍ .അവന്‍ എന്റെ പോസ്റ്റുകള്‍ക്ക്‌ അയച്ച കമന്റുകള്‍ കണ്ടിട്ട് ശ്രീജിത്തിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ അവന്റെ കമന്റ്‌  " അങ്ങേര്‍ക്കു വേറെ പണി ഒന്നുമില്ല ,രാവിലെ ഒരു ടെമ്പോയുടെ ലാഡറില്‍ അങ്ങോട്ട്‌ ...തിരിച്ചു അതെ ടെമ്പോയുടെ   അതേ ലാഡറില്‍ ഇങ്ങോട്ട്. അവന്റെ മറുപടിയുടെ താളം എനിക്ക് ഇഷ്ടമായി. എങ്കിലും ഞാന്‍ കൂടുതല്‍ ആലോചിച്ചത് മറ്റൊന്നാണ് ..ഞങ്ങളുടെ യാത്രകള്‍ ..മുന്‍പ് ആലോചിച്ചു വെച്ചത് ആണെങ്കിലും ഇപ്പോള്‍ ഇങ്ങനെ കിട്ടിയ ചിന്ത അതിനെ കുറിച്ച് കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടപെടുത്തുന്നു
     ചന്തവിളക്കാര്‍ക്ക്   യാത്ര എന്നും ഒരു വിഷയമാണ് . യാത്രകള്‍  കൂടുതലും തിരുവനന്തപുരത്തേക്ക് ..ഉദ്ദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഭൂരിഭാഗം പേരും  കിഴക്കേകോട്ട തമ്പാനൂര്‍ ഭാഗത്തേക്കാണ് യാത്ര ചന്തവിളയുടെ  രണ്ടറ്റങ്ങള്‍ ഒന്ന് പോത്തന്‍കോട്  പിന്നൊന്ന് കഴക്കൂട്ടം ..ഇതിനു ഇടയ്ക്ക് ഏകദേശം ഒരേ ദൂരത്തില്‍ ഉള്ള ജംഗ്ഷനുകള്‍ കാട്ടായിക്കോണവും വെട്ടുറോഡും..ഇതില്‍ തിരുവനന്തപുരത്തേക്ക്  ഈ രണ്ടു വഴിയും പോകാമെങ്കിലും യാത്രകള്‍ കൂടുതലും വെട്ടു റോഡു -കഴക്കൂട്ടം വഴിയാണ് .ഞാന്‍ കേട്ട വര്‍ത്തമാനങ്ങ ളില്‍ എന്റെ ഓര്‍മകളില്‍  ഞങ്ങളുടെ ഭാഗത്തേക്കുള്ള ആദ്യ ബസുകളില്‍ ഒന്നു കാട്ടായിക്കോണം ബസ് ആണ് .തിരുവനന്തപുരത്ത് നിന്ന്  ദിവസവും മൂന്നോ നാലോ തവണ അത് ചന്തവിള വഴി കാട്ടായിക്കോണത്തു എത്തും.രാത്രി 10 .30  നു ചന്തവിള വഴി  പോകുന്ന ബസ് കാട്ടായിക്കോണത്തു എത്തി അവിടെ അത്താഴമുണ്ട് ഉറങ്ങുന്നു ,പുലര്‍ച്ചെ ആറു മണിക്ക് അവിടെ നിന്നും തിരികെ തിരുവനന്തപുരത്തേക്ക്.പിന്നീടെപ്പോഴോ അത് പോത്തന്‍കോട്ടേക്ക് വലിച്ചു നീട്ടി   .മുന്‍പും അതാണ് പ്രധാന കേന്ദ്രം എങ്കിലും ബസ് കാട്ടായിക്കോണം എത്തി നിര്‍ത്തിയതിന്റെ സംഗത്യം ആരും എനിക്ക് പറഞ്ഞു തന്നിട്ടില്ല .പിന്നീട് കണിയാപുരം ഡിപ്പോ തുറന്നപ്പോള്‍ ബസ് അവിടെ നിന്നാക്കി.വഴിയിലുള്ള ബസിന്റെ ഉറക്കവും തീര്‍ന്നു .ഇപ്പോഴും കാട്ടായിക്കോണം ബസ് എന്നത് ഒരു നോസ്ടാള്ജിയ ആയി മാറുന്നു .
          ആകെ മൂന്നു ബസുകള്‍ ആണ് ഞങ്ങള്‍ക്കുണ്ടായിരുന്നത് .കാട്ടായിക്കോണം ബസിനു പുറമേ വിഴിഞ്ഞം ഡിപ്പോയില്‍ നിന്നും ,കിഴക്കേക്കോട്ട ഡിപ്പോയില്‍ നിന്നും ഓരോ ബസുകള്‍ .ഇതില്‍ വിഴിഞ്ഞം ബസിനു ആയിരുന്നു സമയനിഷ്ഠ കൂടുതല്‍ ...അഞ്ചാം ക്ലാസ്സ്‌ മുതല്‍ പഠനം കണിയാപുരം മുസ്ലിം ബോയ്സ് സ്കൂളില്‍ ..ചന്തവിള മുതല്‍ വെട്ടുറോഡ്‌ വരെ യാത്ര ഈ ബസില്‍ ..അവിടെ നിന്നും സ്കൂള്‍ വരെ ചെറിയ ദൂരം നടത്തം.വെട്ടുറോഡ് കടന്നു പോകുന്ന നാഷണല്‍ ഹൈവേ 47  മുറിച്ചു കടക്കുയായിരുന്നു അന്നത്തെ പ്രധാന കടമ്പ..അങ്ങനെ രാവിലെ എട്ടേ മുക്കാലിന് വിഴിഞ്ഞം ബസിലായിരുന്നു എന്റെ യാത്ര ..രാവിലെ കുളിക്കാന്‍ എണ്ണയും തേച്ചു    തോര്‍ത്തും ചുറ്റി കിണറ്റുകരയില്‍ നില്‍ക്കുമ്പോള്‍ ഈ ബസ്‌  പോത്തന്‍കോട്ടേക്ക് പോകുന്നു എന്നുറപ്പ് വരുത്തുന്നതു എന്റെ ശീലമായിരുന്നു.അന്നത്തെ മിനിമം ചാര്‍ജ് 80 പൈസയും പിന്നെ 1  രൂപയും . .സാമാന്യം പൊക്കമുള്ള ഞാന്‍ വളരെദിവസം പൊക്കം കുറയാന്‍ ശ്രമിച്ചു 80  പൈസ ടിക്കറ്റ്‌ നേടിയത് ഇന്ന് ഓര്‍ത്തു ചിരിക്കാന്‍ വേണ്ടിയായിരുന്നു എന്ന് തോന്നുന്നു .ഒടുവില്‍ കണ്‍സെഷന്‍ ടിക്കറ്റിന്റെ  ആളായപ്പോള്‍ കുറച്ചു അഹങ്കാരിയുമായി..ങ്ങും .....
     പിന്നെ കഥയില്‍ സിറ്റി ബസ്..രണ്ടു ചുവപ്പിനിടയില്‍ മഞ്ഞയും ചുവപ്പുമായി ഒരു സുന്ദരി..രണ്ടു വാതിലുമായി..ഇതിലെ യാത്ര വൈകുന്നേരമാണ് ..4  മണിക്ക് വരേണ്ട ബസ് മിക്കവാറും ഞങ്ങളെ പറ്റിക്കും .ബോയ്സ് സ്കൂള്‍ വൈകുന്നേരം 3  30 നും ഗേള്‍സ്‌ 4  മണിക്കും കഴിയും.3  30 നു വെട്ടുറോഡില്‍  എത്തുന്ന ഞങ്ങളോടൊപ്പം സ്ഥലത്തെ ഇംഗ്ലീഷ് മീഡിയം കൂട്ടുകാര്‍ അല്‍-ഉദുമന്‍ കാരുമുണ്ടാകാറുണ്ട് .വല്ലപ്പോഴും വരുന്ന ഈ ബസിനെ ഒഴിവാക്കി വരുന്ന സൈക്കിളുകളില്‍ ലിഫ്റ്റ്‌ ചോദിക്കുകയോ സ്വയം ' നടരാജന്‍ ' ബസില്‍ കയറി വീട്ടിലെ ത്തുകയോ ആയിരുന്നു പതിവ്.
        മൂന്നു ബസുകളില്‍ തുടങ്ങിയ ഇടപെടല്‍ ഇന്ന് എണ്ണത്തില്‍   കൂടി എങ്കിലും അന്നും ഇന്നും ചന്തവിളക്കാര്‍ക്ക് പ്രിയം സമാന്തര സര്‍വീസ് എന്ന ഔദ്യോഗിക നാമത്തില്‍ അറിയപെടുന്ന ട്രക്കര്‍ ,ചലഞ്ചര്‍ ,ടെമ്പോ തുടങ്ങിയവയോടാണ് ..ട്രക്കര്‍ ആയിരുന്നു പണ്ട് ..വിവിധ പേരുകളില്‍ ട്രക്കറുകള്‍ ..N R T  ..എന്ന ട്രക്കര്‍ വളരെ സുന്ദരിയായിരുന്നു..ക്ഷമിക്കുക സുന്ദരന്‍ മാരെ ഒന്നും എനിക്കത്ര പരിചയം പോര ..പിന്നീട് ട്രക്കര്‍ ചലഞ്ചര്‍ എന്ന വര്‍ഗത്തിന് വഴി മാറി..അന്നത്തെ ഞങ്ങള്‍ സ്കൂള്‍ പിള്ളാരുടെ  ആണത്തത്തിന്റെ പ്രതീകവും വീട്ടിലെ അമ്മമാരുടെ നെഞ്ചിടിപ്പിന്റെ പ്രതീകവും ഇതില്‍ തൂങ്ങി നിന്നുള്ള യാത്രകള്‍ ആയിരുന്നു .ട്രക്കറില്‍ പുറകില്‍ മാത്രം നില്‍ക്കാമെങ്കില്‍ ചലഞ്ചര്‍ രണ്ടു വശമുള്‍പ്പെടെ മൂന്നു ഭാഗത്ത്‌ നില്ക്കാന്‍ കഴിയുന്നതായിരുന്നു .ഇതിലൊക്കെ കുട്ടികളെ രണ്ടാമത്തെ വരിയില്‍ സീറ്റിനിടയില്‍ നിര്‍ത്തുന്ന രീതി ഉണ്ടായിരുന്നു .കുറച്ചു വലുതായപ്പോഴും അമ്മയോടൊപ്പമാണ് യാത്ര എങ്കില്‍ ഇതുപോലെ കയറി ഒടിഞ്ഞു നില്‍ക്കണമായിരുന്നു ..ആ പ്രവര്‍ത്തി ഞങ്ങളുടെ അഭിമാനത്തിന് വളരെ വലിയ ക്ഷതമുണ്ടാക്കിയിരുന്നു..ഇന്ന് ആ ഓര്‍മ അല്‍പ്പം കുളിരും ഉണ്ടാക്കുന്നു.. നിറയെ ചലഞ്ചര്‍ - കള്‍ ചാര നിറം ,നീലനിറം ,വെള്ള നിറം ..പേരുകളുടെ ധാരാളിത്തമാണോ എന്നറിയല്ല തിരുവോണം ,ശ്രീവിനായക..തുടങ്ങിയ ചില പേരുകള്‍ മാത്രം ഓര്‍മയില്‍ നില്‍ക്കുന്നു..ഇത്തവണ നാട്ടില്‍ എത്തിയപ്പോള്‍ ടെമ്പോകള്‍ ആയിരുന്നു കളം നിറയെ .അതിലേതോ ഒരു ഏണിയില്‍ ആകണം അനില്‍കുമാര്‍ തൂങ്ങിയത്‌ ..അതാകണം ശ്രീജിത്ത്‌ ഏറ്റു പറഞ്ഞത് ..അവന്‍ വലിയ ബൈക്കുകാരന്‍ എന്നാവും അനില്‍ ...ഇങ്ങനെ മണ്ണില്‍ തൊട്ടുനിന്നുള്ള യാത്രകളാണ് അനിലിന്റെ ജീവിതത്തെ കാഴ്ചകളുടെ വസന്തമാക്കുന്നത് ..ഈ പറയുന്നതിലും ഏറെ അവനു പറയാന്‍ ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നതും അതുകൊണ്ട് തന്നെയാണ്..ലാബിലെത്തുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ നല്ലപോലെ പ്രവര്‍ത്തിക്കുകയും അവ അക്ഷരങ്ങള്‍ ആയി ബ്ലോഗ്‌ പേജുകളില്‍ നിറയുകയും ചെയ്യട്ടെ ..നമുക്കും പ്രാര്‍ത്ഥിക്കാം ..
                പലപ്പോഴും നാട്ടില്‍ ഉയര്‍ന്നിട്ടുള്ള പ്രശ്നം സമാന്തര സര്‍വീസുകളുടെ ആധിക്യം .കൂടുതല്‍ ബസുകള്‍ വരണം എന്ന് പറയുമ്പോഴും എന്റെ ചിന്ത വെച്ച് ചന്തവിളക്കാര്‍ക്ക് പഥ്യം ട്രക്കറും ടെമ്പോയും ഒക്കെയാണ്..ഒരാവശ്യത്തിന് കയറി നിന്നാല്‍ ഇതൊക്കെയേ ഉള്ളൂ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് ..പലഗ്രാമങ്ങളിലും അവിടുത്തെ സമയം ബസുകള്‍ നിയന്ത്രിച്ചപ്പോള്‍ ഞങ്ങളുടെ സമയം ഞങ്ങള്‍ തീരുമാനിച്ചിരുന്നു ,അതിനനുസരിച്ച് ട്രക്കറുകള്‍ ഓടി .ബസ് ബസിന്റെ വഴിക്കും ഓടി..ഇപ്പോള്‍ അവസ്ഥ ഒക്കെ മാറി..എണ്ണിയെടുക്കാവുന്നതിലും അധികം മാറ്റങ്ങള്‍ വന്നു..അതിനുമപ്പുറം അകല്‍ച്ച എന്റെ സാഹചര്യങ്ങള്‍ എന്നിലും ഉണ്ടാക്കി.
            ഒരു സുന്ദരമായ ഓര്‍മ ..ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ..അന്ന് വിഴിഞ്ഞം ബസ് ഒക്കെ ഒഴിവായി ..ഒന്‍പതു മണിക്ക് സിറ്റി ബസ് ഉണ്ടായിരുന്നത് എട്ടു മണിക്കു തന്നെ കിഴക്കേ കോട്ടയ്ക്കു പോകുന്നു..ഞങ്ങള്‍ അനാഥര്‍ .8 മണിക്ക് നേരെ പോങ്ങുമൂട് സ്കൂളില്‍ പോകാന്‍ കഴിയുന്നതില്‍ എന്റെ അനുജന്‍ സന്തോഷിച്ച സമയം.ഞങ്ങള്‍ ഒരു പരാതി എഴുതുന്നു ..ഞാനും ഷംസുദീനും ഷംനാദും ഒക്കെ ചന്തവിള ക്കാരുടെ ഒപ്പുകള്‍ തേടി പതിപ്പിച്ചു ,ഞങ്ങളുടെ നാട്ടുകാരന്‍ കൂടി ആയ ഹെഡ് മാസ്റര്‍ ശ്രീ പങ്കജാക്ഷന്‍ സാറിനു കൊടുത്തു..അത് അന്നത്തെ എം എല്‍ എ ശ്രീ കടകം പള്ളി സുരേന്ദ്രന്  കൊടുക്കുകയും 8  മണി ബസ് കഴക്കൂട്ടം നിര്‍ത്തി ഞങ്ങളെ കൊണ്ട് പോകാന്‍ വരുകയും ചെയ്തു . പക്ഷെ ആ സംഭവത്തിലെ ആവേശം വേറൊന്നാണ്‌ ..ഒരു ഒപ്പ് തേടി സര്‍ക്കാര്‍ ഉദ്ദ്യോഗസ്തനായ ഞങ്ങളുടെ നാട്ടുകാരന്റെ അടുത്തെത്തുമ്പോള്‍ മറുപടി "ഞങ്ങള്‍ വിചാരിച്ചിട്ട് നടന്നില്ല പിന്നെയാ.."പുള്ളി ഒരു കോണ്‍ഗ്രസ്‌ കാരന്‍ കൂടി ആയിരുന്നു ..പക്ഷെ ഒപ്പ് അദ്ദേഹം തന്നു  ..ഒടുവില്‍ ബസ് വരുകയും അദ്ദേഹം ഉള്പെടെയുള്ളവര്‍ അതില്‍ കയറുകയും ചെയ്തപ്പോള്‍ കമ്മ്യൂണിസ്റ്റു ആരാധകന്‍ ആയതുകൊണ്ടാകാം എനിക്ക് സന്തോഷം അല്‍പ്പം കൂടുതല്‍ ആയിരുന്നു..
       ഏതാണ്ട് ഈ സമയത്ത് ആണ് പച്ച ഉടുപ്പുമായി സിറ്റി ഫാസ്റ്റ് എത്തുന്നത്‌ ..കണ്‍സെഷന്‍ അനുവദിക്കാതെ ആ ബസ് ഞങ്ങളെ നോക്കി അഹങ്കാരത്തോടെ പോയി..അന്ന് അതില്‍ കയറിയ കൂട്ടുകാരെയും അല്‍പ്പം ഗൗരവത്തോടെ നോക്കാനാണ് തോന്നിയത്.ഈ സിറ്റി ഫാസ്റ്റ് തന്നതും ശ്രീ കടകം പള്ളി ആയിരുന്നു ..മുന്‍പത്തെ മന്ത്രിസഭയില്‍ ശ്രീ ബാലകൃഷ്ണപിള്ള പൂട്ടി കൊണ്ട് പോയ വികാസ് ഭവന്‍ ഡിപ്പോയുടെ താക്കോല്‍ ഇടതു സര്‍ക്കാര്‍ തപ്പിയെടുത്തു കൊണ്ട് വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സിറ്റി ഫാസ്റ്റ് കിട്ടി..അന്നത്തെ ഗതാഗതം ശ്രീ നീലലോഹിത ദാസ് കീഴില്‍ ആയിരുന്നു ..എന്തായാലും അന്ന് ചര്‍ച്ചകളില്‍ സിറ്റി ഫാസ്റ്റ് ഞാന്‍ കുറെ ആഘോഷിച്ചു..
               ബസിന്റെ കഥകളില്‍ ഇന്നത്തെ രാത്രി യാത്രപോകുന്നു.ഇന്നലെ ഇവിടെ കിട്ടിയ കലാകൗമുദിയില്‍ അക്ഷര ജാലകം എന്ന പംക്തിയില്‍ ശ്രീ എം കെ ഹരികുമാര്‍ ഗൃഹാതുരത്വം കേട്ട് അദ്ദേഹം മടുത്തുവെന്നും അതെഴുതുന്നവര്‍ എന്തോ പാപം ചെയ്യുന്നവര്‍ ആണെന്നും പറഞ്ഞു കണ്ടു.ഈ മുകളില്‍ എഴുതി നിര്‍ത്തിയതിന്റെ അത്രയും നേരം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ ഓര്‍മകളുടെ സുഖം,അത്രയെങ്കിലും ഈ പ്രവാസ ജീവിതത്തില്‍ അനുവദിച്ചു തരാന്‍ മനസ്സുണ്ടാകണമെന്നു  ആ വലിയവരോട് അപേക്ഷിക്കുന്നു..  ശുഭരാത്രി ..

2 comments:

അനില്‍ ദീപു said...

chetta, its such a big problem in chanthavila that even after so many complaints the problem has still not been solved. the tempowhich is jam packed with passengers on all possible sides, when it reaches the aambalkkulam near kottayathu aavu, the road is so divided between the new and the one in construction, the tempo tilts almost 45 degree when it crosses the gap, at that time, we feel that we just gonna end now....... what a pathetic situation, not everyone can afford two-wheelers n cars, its a village of bpls.

സാരസമുഖി said...

അതെ അത് ഞാന്‍ പറഞ്ഞില്ലേ ..നമ്മള്‍ ഉണ്ടാക്കി വെച്ച ശീലങ്ങള്‍ ആണത് ..ഇത്രയും ഭീകരമെന്ന് പറയുമ്പോഴും നമ്മള്‍ അതില്‍ കയറാതിരിക്കുന്നില്ല..ഇനി ഒരു അപകടം സംഭവിച്ചാല്‍ അതിനെ കുറിച്ച് നമ്മള്‍ സങ്കടപെടും..അപ്പോള്‍ ഉണ്ടാകുന്ന കൊടുങ്കാറ്റും ചായക്കൊപ്പയിലേതിനു തുല്യമാകും..നിര്‍വികാരനായി ഇവിടെ ഇരുന്നു ഇങ്ങനെ പറയാന്‍ നാണമാകുന്നു....ഇതൊക്കെ മാറണം..പക്ഷെ അതിനു ആരെയും കാത്തിരുന്നിട്ട് അര്‍ത്ഥമില്ല..മാറ്റങ്ങള്‍ വരും..പക്ഷെ അതിനു വലിയ വിലകൊടുക്കേണ്ടി വന്നാല്‍ അത് വളരെ ക്രൂരമായിപോകും...ആലോചിക്കൂ ..

Post a Comment